ന്യൂഡൽഹി: “”ടെഹ്റാനിലെ തെരുവുകളിൽ പലയിടത്തും തീ ആളിക്കത്തി. രാത്രിയിലും പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. മൊബൈൽ ഫോണുകളും ഇടയ്ക്കു തടസപ്പെട്ടു. അപകടകരവും ഭീതിജനകവുമായ അന്തരീക്ഷത്തിൽനിന്നാണു രക്ഷപ്പെട്ടത്’’ -സംഘർ ഭരിതമായ ഇറാനിൽനിന്നു ഡൽഹിയിൽ മടങ്ങിയെത്തിയ ആദ്യസംഘത്തിലെ മെഡിക്കൽ വിദ്യാർഥിനി പറഞ്ഞു.
പ്രതിഷേധവും സംഘർഷവും രൂക്ഷമായ ഇറാനിൽനിന്ന് 13 ഇന്ത്യക്കാർ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തി. സ്വന്തം ചെലവിൽ വാണിജ്യ വിമാനത്തിലാണ് മടങ്ങിയെത്തിയതെന്നും കേന്ദ്രസർക്കാരിന്റെ ക്രമീകരണപ്രകാരമല്ലെന്നും വിദ്യാർഥിനികൾ പറഞ്ഞു.
മഹാൻ എയർ വിമാനമാണ് ആദ്യമെത്തിയത്. ഇന്ത്യൻ എംബസിയിൽനിന്ന് ആവശ്യമായ മാർഗനിർദേശങ്ങളും പിന്തുണയും ലഭിച്ചെന്ന് മറ്റൊരു യാത്രക്കാരൻ വിശദീകരിച്ചു.
ഇറാനിലെ സാഹചര്യങ്ങൾ ഇപ്പോഴും മോശമാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ അടച്ച ഇറാന്റെ വ്യോമാതിർത്തി വീണ്ടും തുറന്നതിനെത്തുടർന്നാണു വാണിജ്യ വിമാനങ്ങൾ സർവീസ് പുനരാരംഭിച്ചത്. രണ്ടാഴ്ചയായി പ്രതിഷേധം തുടരുന്ന ഇറാനിൽനിന്നു രക്ഷപ്പെടാനായതിൽ ആശ്വാസമുണ്ടെന്ന് തിരിച്ചെത്തിയ വിദ്യാർഥികളും പ്രഫഷണലുകളും പത്രലേഖകരോട് പറഞ്ഞു. മാരക പ്രതിഷേധങ്ങളും സർക്കാരിന്റെ കടുത്ത നടപടികളും കാരണം ഇറാനിൽ ഇപ്പോഴും സംഘർഷം രൂക്ഷമാണ്. തന്റെ നഗരത്തിൽ സ്ഥിതി താരതമ്യേന ശാന്തമായിരുന്നുവെന്ന് ഷിറാസിലെ മെഡിക്കൽ കോളജിൽ പഠിക്കുന്ന യുവതി പറഞ്ഞു. ഭാഗികമായെങ്കിലും ഇന്റർനെറ്റ് സേവനങ്ങൾ ഇറാനിൽ പല നഗരങ്ങളിലും പുനരാരംഭിച്ചിട്ടുണ്ടെന്ന് ചിലർ വ്യക്തമാക്കി.
ഇറാനിലെ സ്ഥിതി ആശങ്കാജനകവും അപകടകരവുമാണെങ്കിലും പ്രശ്നങ്ങളൊന്നും തങ്ങൾ നേരിട്ടില്ലെന്ന് തിരിച്ചെത്തിയ അലി നഖി എന്നയാൾ പറഞ്ഞു. ഇന്റർനെറ്റ് പ്രവർത്തിക്കാത്തതിനാൽ ഇറാന്റെ മറ്റു ഭാഗങ്ങളിൽ എന്താണു സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്ന് വീട്ടമ്മയായ അബ്ബാസ് ഖാസ്മി വ്യക്തമാക്കി. തീർച്ചയായും ഉത്കണ്ഠയുണ്ടായിരുന്നു. ഇന്റർനെറ്റ് അടച്ചുപൂട്ടിയപ്പോൾ വളരെ ആശങ്കാകുലരായിരുന്നു- ഖാസ്മി കൂട്ടിച്ചേർത്തു.

