മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് കടന്ന് ആദ്യ എണ്ണക്കപ്പൽ ഇന്ത്യയിലെത്തി. സൗദി അറേബ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണയുമായി എത്തിയ ‘ഷെൻലോംഗ്’ എന്ന ലൈബീരിയൻ ടാങ്കർ കപ്പലാണ് മുംബൈ തീരത്ത് നങ്കൂരമിട്ടത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കപ്പൽ മുംബൈ തുറമുഖത്ത് എത്തിയത്. ബുധനാഴ്ച രാത്രിയോ വ്യാഴാഴ്ച പുലർച്ചെയോ ആണ് കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നതെന്നാണ് റിപ്പോർട്ട്.സൗദി അറേബ്യയിലെ റാസ് തനുറ തുറമുഖത്ത് നിന്നാണ് കപ്പൽ പുറപ്പെട്ടത്. 1,35,335 മെട്രിക് ടൺ അസംസ്കൃത എണ്ണയാണ് കപ്പലിലുള്ളത്.ഇറാൻ-ഇസ്രയേൽ-അമേരിക്ക സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം കടുത്ത പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിൽ ഒരു ടാങ്കർ കപ്പൽ സുരക്ഷിതമായി ഇന്ത്യയിലെത്തിയത് ഇന്ധന വിതരണ മേഖലയിൽ വലിയ ആശ്വാസമായാണ് കണക്കാക്കപ്പെടുന്നത്.
മേഖലയിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ, ഇന്ധന നീക്കം സുഗമമാക്കാൻ ഇന്ത്യ നടത്തുന്ന നയതന്ത്ര ഇടപെടലുകൾ ഫലം കാണുന്നു എന്നതിന്റെ സൂചനയായും ഇതിനെ വിലയിരുത്തുന്നു.

