ന്യൂഡൽഹി: 2026-ൽ ബ്രിക്സ് (BRICS) കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുത്തതിന് പിന്നാലെയുള്ള ആദ്യത്തെ ‘ഷെർപ്പകളുടെയും സൂസ് ഷെർപ്പകളുടെയും’ യോഗം ന്യൂഡൽഹിയിൽ സമാപിച്ചു. ഫെബ്രുവരി 9 മുതൽ 10 വരെ നടന്ന യോഗത്തിന് ഇന്ത്യയുടെ ബ്രിക്സ് ഷെർപ്പയും വിദേശകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക കാര്യ സെക്രട്ടറിയുമായ സുധാകർ ദലേല അധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ സൂസ് ഷെർപ്പയും മൾട്ടി ലാറ്ററൽ ഇക്കണോമിക് റിലേഷൻസ് ജോയിന്റ് സെക്രട്ടറിയുമായ ശംഭു എൽ. ഹക്കിയും അദ്ദേഹത്തെ സഹായിച്ചു.
‘പ്രതിരോധം, നവീനത, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായി കെട്ടിപ്പടുക്കുക’ (Building for Resilience, Innovation, Cooperation and Sustainability) എന്ന പ്രമേയത്തിലൂന്നിയ വികസന കാഴ്ചപ്പാടാണ് ഇന്ത്യ യോഗത്തിൽ അവതരിപ്പിച്ചത്. ബ്രസീൽ, ചൈന, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, യുഎഇ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഷെർപ്പകളും മുതിർന്ന ഉദ്യോഗസ്ഥരും ചർച്ചകളിൽ പങ്കെടുത്തു. ആരോഗ്യ മേഖല, കൃഷി, പരിസ്ഥിതി സംരക്ഷണം, തീവ്രവാദ വിരുദ്ധ പ്രവർത്തനം തുടങ്ങിയ വിവിധ മേഖലകളിലെ സഹകരണത്തെക്കുറിച്ച് വിവിധ മന്ത്രാലയങ്ങൾ യോഗത്തിൽ ആശയവിനിമയം നടത്തി.
യോഗത്തിന്റെ ഭാഗമായി പ്രതിനിധികൾ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ബ്രിക്സ് രൂപീകൃതമായി 20 വർഷം തികയുന്ന ഈ വേളയിൽ, അന്താരാഷ്ട്ര സഹകരണത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട വേദിയായി ഈ കൂട്ടായ്മ മാറിയിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തോടനുബന്ധിച്ച് പ്രതിനിധികൾ ഡൽഹിയിലെ നാഷണൽ ക്രാഫ്റ്റ് മ്യൂസിയം, അക്ഷർധാം ക്ഷേത്രം എന്നിവിടങ്ങളിലും സന്ദർശനം നടത്തി

