ബ്രിസ്‌ബേൻ: ക്വീൻസ്‌ലാന്റിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽപ്പെട്ട് ഒറ്റപ്പെട്ടുപോയ നിരവധിപേരെ രക്ഷപ്പെടുത്തി. കെയ്‌ൻസിന് വടക്കുപടിഞ്ഞാറുള്ള മോസ്മാനിൽ രാവിലെ ആറുമണിയോടെ കാറിന് മുകളിൽ കുടുങ്ങിയ 65 വയസ്സുകാരിയെ രക്ഷാപ്രവർത്തകർ സാഹസികമായി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
കെയ്‌ൻസിലെ റെഡ്‌ലിഞ്ചിൽ ആറ് മണിക്കൂറിനുള്ളിൽ 200 മില്ലിമീറ്ററിലധികം മഴ പെയ്തതിനെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ അൻപതുകാരെയും രക്ഷപ്പെടുത്തി. ക്വീൻസ്‌ലാന്റിലെ നദികളിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നിരിക്കുകയാണെന്നും മുൻപ് ലഭിച്ച മഴ കാരണം മണ്ണ് കുതിർന്നുനിൽക്കുന്നത് വെല്ലുവിളി വർധിപ്പിക്കുന്നുണ്ടെന്നും പ്രീമിയർ ഡേവിഡ് ക്രിസാഫുളി പറഞ്ഞു.
അതേസമയം, സംസ്ഥാനത്തിന്റെ ഉൾപ്രദേശമായ ലോങ്ങ്‌റീച്ചിൽ വൻ പ്രളയഭീതി നിലനിൽക്കുകയാണ്. തോംസൺ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. ഇന്ന് രാവിലെ നദിയിലെ ജലനിരപ്പ് 6.12 മീറ്ററിലെത്തിയിരുന്നു. ഇത് ഇന്ന് വൈകുന്നേരത്തോടെ 6.5 മീറ്ററായി ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. 2000-മാണ്ടിലെ പ്രളയക്കെടുതി അനുഭവമുള്ളതിനാൽ ക്യാരവൻ പാർക്ക് ഉടമകളടക്കമുള്ള താമസക്കാർ ഫർണിച്ചറുകളും മറ്റും ഉയർന്ന സ്ഥലങ്ങളിലേക്ക് മാറ്റിത്തുടങ്ങിയിട്ടുണ്ട്.
ലാൻഡ്‌സ്ബറോ ഹൈവേ അടച്ചതോടെ ചരക്ക് ഗതാഗതത്തെയും കന്നുകാലി നീക്കത്തെയും ബാധിച്ചിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങളിൽ വൈദ്യുതി, കുടിവെള്ള ബന്ധം തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്നതിനാൽ ക്വീൻസ്‌ലാന്റിലെ പ്രളയസാഹചര്യം പോലീസ് നിരീക്ഷിച്ചുവരികയാണ്.

