കണ്ണൂരിൽ സുധാകരനായി ഫ്ലക്സ് യുദ്ധം!

കണ്ണൂർ നഗരത്തിൽ കെപിസിസി മുൻ അധ്യക്ഷനും മുതിർന്ന നേതാവുമായ കെ. സുധാകരനെ പിന്തുണച്ച് വ്യാപകമായി ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. സുധാകരന്റെ നിയമസഭാ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് “സുധാകരൻ തുടരും” എന്ന പ്രഖ്യാപനവുമായി അനുയായികൾ രംഗത്തെത്തിയിരിക്കുന്നത്. സുധാകരൻ അധികാരത്തിന്റെ തണലിലല്ല, മറിച്ച് സാധാരണ പ്രവർത്തകരുടെ ഹൃദയങ്ങളിലാണ് സിംഹാസനം ഉറപ്പിച്ചിരിക്കുന്നതെന്നാണ് ഫ്ലക്സുകളിലെ പ്രധാന വാചകം.

പ്രസ്ഥാനം പ്രതിസന്ധികളിൽ തളരുമ്പോൾ ധൈര്യത്തിന്റെ വെളിച്ചമായി ഉദിച്ചുയർന്ന സൂര്യനാണ് അദ്ദേഹമെന്നും, അധികാരത്തിന്റെ ചില്ലുമേടകളിലല്ല സുധാകരന്റെ സ്ഥാനമെന്നും ബോർഡുകളിൽ കുറിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് നയിക്കുന്ന യുഡിഎഫിന്റെ ‘പുതുയുഗ യാത്രയ്ക്ക്’ സ്വീകരണം നേർന്നുകൊണ്ടുള്ള വിവരണങ്ങളും ഈ ഫ്ലക്സുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാസർഗോഡ് നിന്ന് ആരംഭിച്ച പൊതുയോഗ യാത്രയിൽ നിന്ന് കഴിഞ്ഞ ദിവസം സുധാകരൻ പാതിവഴിയിൽ ഇറങ്ങിപ്പോയത് വലിയ വാർത്തയായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കണ്ണൂരിൽ ഇത്തരമൊരു ശക്തിപ്രകടനം ബോർഡുകളിലൂടെ നടക്കുന്നത്.

കണ്ണൂരിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ സുധാകരന്റെ അപ്രമാദിത്വം വ്യക്തമാക്കുന്നതാണ് ഈ നീക്കം. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പുരോഗമിക്കെ, സുധാകരനെ മാറ്റിനിർത്താൻ കഴിയില്ലെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ പ്രവർത്തകർ നേതൃത്വത്തിന് നൽകുന്നത്. ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതമായി സുധാകരനുള്ള വ്യക്തിപരമായ സ്വാധീനം വിളിച്ചോതുന്ന ബോർഡുകൾ വരും ദിവസങ്ങളിൽ പാർട്ടിയിൽ കൂടുതൽ ചർച്ചകൾക്ക് വഴിമരുന്നിടും.

Leave a Reply

Your email address will not be published. Required fields are marked *