ധാക്ക: ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയെ ചികിത്സിക്കാന്‍ ചൈനയില്‍ നിന്നുള്ള 5 വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ധാക്കയിലെത്തി. ധാക്കയിലെ സ്വകാര്യ ആശുപത്രിയിലാണ് ഖാലിദ സിയ (80) ചികിത്സയില്‍ കഴിയുന്നത്. ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായി വിദഗ്ധസംഘം ചര്‍ച്ച നടത്തി. യുകെയില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘവും ഉടന്‍ എത്തും.
മെച്ചപ്പെട്ട ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകാവുന്ന സാഹചര്യമല്ല ഉള്ളതെന്നു ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ശ്വാസകോശ, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) അധ്യക്ഷയായ ഖാലിദ സിയയെ കഴിഞ്ഞ 23നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇപ്പോള്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നത്.

