ന്യൂഡൽഹി: ബിസിസിഐ മുന്‍ പ്രസിഡന്റ് ഐ.എസ്. ബിന്ദ്ര (84) അന്തരിച്ചു. ഞായറാഴ്ച ഡൽഹിയിൽ വച്ചായിരുന്നു അന്ത്യം. 1993 മുതല്‍ 1996 വരെ ബിസിസിഐ പ്രസിഡന്റായിരുന്നു.
ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഐഎസ് ബിന്ദ്ര,1975-ലാണ് ക്രിക്കറ്റ് ഭരണരംഗത്തെത്തുന്നത്.1978 മുതൽ 2014 വരെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് പദവി വഹിച്ചു.
ജഗ്മോഹന് ഡാല്‍മിയക്കൊപ്പം ബിസിസിഐയെ സമ്പന്ന കായിക സംഘടനയാക്കിയത് ഐ.എസ്. ബിന്ദ്രയുടെ ബുദ്ധിയാണ്. 1987, 1996ലെ ക്രിക്കറ്റ് ലോകകപ്പുകൾ ഇന്ത്യയിൽവെച്ച് നടത്തുന്നതിൽ ജഗ്മോഹൻ ഡാൽമിയ, എൻകെപി സാൽവേ എന്നിവർക്കൊപ്പം ബിന്ദ്ര പ്രധാന പങ്കുവഹിച്ചു. ശരദ് പവാർ ഐസിസി പ്രസിഡന്റായിരുന്നപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പ്രധാന ഉപദേഷ്ടാവായും പ്രവർത്തിച്ചിരുന്നു. ഇദ്ദേഹത്തോടുള്ള ആദരസൂചകമായി മൊഹാലിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന് 2015-ൽ ഐഎസ് ബിന്ദ്ര സ്റ്റേഡിയം എന്ന് പേരു നൽകി.

