ന്യൂഡല്‍ഹി: 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തില്‍ അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ സിഐഎയ്ക്കും ഇസ്രേലി രഹസ്വാന്വേഷണ ഏജന്‍സിയായ മൊസാദിനും പങ്കുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കുമാര്‍ കേത്കര്‍. കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭരണഘടനാ ദിന പരിപാടിയില്‍ പങ്കെടുക്കവേയാണ് മുന്‍ രാജ്യസഭാ എംപിയായ കേത്കറുടെ ആരോപണം.
2004ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 145 സീറ്റ് നേടിയിരുന്നു. 2009ല്‍ അത് 206 സീറ്റായി വര്‍ധിപ്പിച്ചു. ഈ പ്രവണത കാണിക്കുന്നത് 2014ല്‍ അത് 250 സീറ്റുകളായി വര്‍ധിക്കുമെന്നായിരുന്നു. എന്നാല്‍ 2014ല്‍ പാര്‍ട്ടിയുടെ സീറ്റുകളുടെ എണ്ണം 44 ആയി കുറഞ്ഞു. കോണ്‍ഗ്രസിനെ തറപറ്റിക്കാന്‍ 2014ലെ തിരഞ്ഞെടുപ്പിനു മുമ്പു തന്നെ കളികള്‍ തുടങ്ങിയിരുന്നുവെന്ന് കേത്കര്‍ അവകാശപ്പെട്ടു. ഇന്ത്യയിലെ സംഭവങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ സിഐഎയും മൊസാദും തീരുമാനിച്ചു. ഈ ഏജന്‍സികളെല്ലാം ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും ഓരോ മണ്ഡലത്തെയും കുറിച്ചുള്ള വിപുലമായ വിവരങ്ങളും ശേഖരിച്ചു. കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വന്നാല്‍ അവരുടെ പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് അറിയാമായിരുന്നതിനാലാണ് ഇത്തരം കളികള്‍ക്ക് തയാറായത്. കേത്കര്‍ ആരോപിച്ചു.

