എന്നെ വര്‍ഗവഞ്ചകിയെന്ന് വിളിച്ചേക്കാം, പക്ഷേ വിമര്‍ശനങ്ങള്‍ എന്നെ കൂടുതല്‍ ശക്തയാക്കും ; മുന്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസിലേയ്ക്ക് ചുവടുമാറി

കേരളത്തിലെ ഇടതു പക്ഷത്തിന് കനത്ത തിരിച്ചടിയായി മുന്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസിലേയ്ക്ക്. മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ചാണ് അവര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.തിരുവനന്തപുരത്ത് കേന്ദ്ര സര്‍ക്കാരിനെതിരെ കെപിസിസി സംഘടിപ്പിച്ച രാപ്പകല്‍ സമര പന്തലില്‍ എത്തിയാണ് ഐഷാ പോറ്റി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍,എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് അവരെ സ്വീകരിച്ചു.

കഴിഞ്ഞ കുറച്ചുകാലമായി സിപിഎം നേതൃത്വം തന്നെ അവഗണിക്കുകയാണെന്നും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സാഹചര്യം ലഭിക്കുന്നില്ലെന്നും അവര്‍ തുറന്നുപറഞ്ഞു.താന്‍ ചേര്‍ന്ന കാലത്തെ സിപിഎം അല്ല ഇന്നുള്ളതെന്നും, പാര്‍ട്ടിയിലെ ചില തീരുമാനമെടുക്കുന്നവര്‍ കാരണമാണ് തനിക്ക് പുറത്തുപോകേണ്ടി വന്നതെന്നും അവര്‍ വ്യക്തമാക്കി.താന്‍ കോണ്‍ഗ്രസില്‍ ചേരുന്നത് സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിഷമമുണ്ടാക്കുമെന്ന് അറിയാമെന്നും, എന്നാല്‍ ഈ മാറ്റം അനിവാര്യമാണെന്നും അവര്‍ പ്രതികരിച്ചു.

ഐഷാ പോറ്റിയുടെ തീരുമാനത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി സിപിഎം രംഗത്തെത്തി. മുന്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അവരെ ‘വര്‍ഗവഞ്ചക’ എന്ന് വിളിച്ചു. സ്ഥാനമാനങ്ങളോടുള്ള ആര്‍ത്തിയാണ് ഈ തീരുമാനത്തിന് പിന്നിലെന്നും കൊല്ലം ജില്ലയില്‍ ഇതിനെ പ്രതിരോധിക്കാനുള്ള കരുത്ത് പാര്‍ട്ടിക്കുണ്ടെന്നും അവര്‍ പറഞ്ഞു.പക്ഷേ അത്തരം വിമര്‍ശനങ്ങള്‍ എന്നെ കൂടുതല്‍ ശക്തയാക്കുമെന്നാണ് ഐഷാ പോറ്റി പ്രതികരിച്ചത്

അതേ സമയം 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഐഷാ പോറ്റി മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.2006-ല്‍ ആര്‍.ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ച നേതാവെന്ന നിലയില്‍ ഐഷാ പോറ്റിയുടെ സ്വാധീനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വലിയ വെല്ലുവിളിയാകും.

Leave a Reply

Your email address will not be published. Required fields are marked *