മുൻ ഫ്രഞ്ച് പ്രധാനമന്ത്രി ലയണൽ ജോസ്പിൻ അന്തരിച്ചു

പാരീസ്: മുൻ ഫ്രഞ്ച് പ്രധാനമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ ലയണൽ ജോസ്പിൻ (88) അന്തരിച്ചു. 1997 മുതൽ 2002 വരെയായിരുന്നു അദ്ദേഹം ഫ്രാൻസിന്റെ പ്രധാനമന്ത്രി പദവി അലങ്കരിച്ചത്.

ഫ്രഞ്ച് രാഷ്ട്രീയത്തിൽ നിർണ്ണായകമായ പല പരിഷ്കാരങ്ങൾക്കും തുടക്കം കുറിച്ച നേതാവായിരുന്നു അദ്ദേഹം.ആഴ്ചയിലെ ജോലി സമയം 39 മണിക്കൂറിൽ നിന്ന് 35 മണിക്കൂറായി കുറച്ചതാണ് അദ്ദേഹത്തിന്റെ ഭരണകാലത്തെ ഏറ്റവും ശ്രദ്ധേയമായ നടപടി. യാഥാസ്ഥിതികനായ പ്രസിഡന്റ് ജാക് ഷിറാക്കിന് കീഴിൽ ഒരു വിശാല ഇടതുപക്ഷ സർക്കാരിനെ നയിച്ച അദ്ദേഹം, സ്വതന്ത്ര വിപണി പരിഷ്കാരങ്ങൾക്കുമേൽ സോഷ്യലിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചു

ലൈംഗിക ന്യൂനപക്ഷങ്ങൾക്കും സ്വവർഗ്ഗ ദമ്പതികൾക്കും സിവിൽ യൂണിയനുകൾ സ്ഥാപിക്കാനുള്ള അനുമതി നൽകിയതും അദ്ദേഹത്തിന്റെ കാലത്താണ്.2002-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിലേറ്റ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ അദ്ദേഹം സജീവ രാഷ്ട്രീയം ഉപേക്ഷിച്ചിരുന്നു. ആധുനിക ഫ്രഞ്ച് രാഷ്ട്രീയ ചരിത്രത്തിൽ വലിയ സ്വാധീനം ചെലുത്തിയ ഒരു ഭരണാധികാരിയുടെ വിയോഗത്തിലാണ് രാജ്യം.

Leave a Reply

Your email address will not be published. Required fields are marked *