സീയൂൾ: ദക്ഷിണകൊറിയയിൽ പട്ടാളനിയമം പ്രഖ്യാപിക്കാൻ മുൻ പ്രസിഡന്റ് യൂണ് സുക് യോളിനു കൂട്ടുനിന്നുവെന്നു കണ്ടെത്തിയ മുൻ പ്രധാനമന്ത്രി ഹാൻ ഡക് സൂവിന് 23 വർഷം തടവുശിക്ഷ. 15 വർഷം തടവാണു പ്രസിക്യൂഷൻ ആവശ്യപ്പെട്ടതെങ്കിലും കോടതി അതിലും വലിയ ശിക്ഷ നല്കുകയായിരുന്നു.
മുൻ പ്രസിഡന്റ് യൂൺ 2024 ഡിസംബർ മൂന്നിനു പട്ടാളനിയമം പ്രഖ്യാപിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ചുമത്തിയ കലാപക്കേസിലാണു ശിക്ഷ. കോടതിയുടെ തീരുമാനം മാനിക്കുന്നതായി ഹാൻ പ്രതികരിച്ചു.
75 വയസുള്ള ഹാൻ അഞ്ചു പ്രസിഡന്റുമാർക്കു കീഴിൽ ഉയർന്ന പദവികൾ വഹിച്ചിട്ടുള്ളയാളാണ്. പട്ടാളനിയമം പ്രഖ്യാപിക്കാൻ ശ്രമിച്ച യൂണിനെ ഇംപീച്ച് ചെയ്തപ്പോൾ ഹാൻ ആക്ടിംഗ് പ്രസിഡന്റായിരുന്നു. എന്നാൽ, പ്രതിപക്ഷത്തിനു ഭൂരിപക്ഷമുള്ള പാർലമെന്റ് ഹാനിനെയും ഇംപീച്ച് ചെയ്തെങ്കിലും ഭരണഘടനാ കോടതി ഈ നീക്കം അസാധുവാക്കി.
പിന്നീട് രാജിവച്ച ഹാൻ ഇടക്കാല തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നടത്തി ശ്രമം കൺസർവേറ്റീവ് പാർട്ടിയിലെ അഭിപ്രായ ഭിന്നതകൾ പരാജയപ്പെട്ടു. എട്ടു കേസുകൾ നേരിടുന്ന യൂണിന് കോടതി കഴിഞ്ഞയാഴ്ച അഞ്ചു വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.

