മുൻ റെയിൽവേ മന്ത്രി മുകുൾ റോയ് അന്തരിച്ചു

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും മുൻ കേന്ദ്ര റെയിൽവേ മന്ത്രിയുമായ മുകുൾ റോയ് (71) അന്തരിച്ചു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം. പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിലെ അതികായനായ അദ്ദേഹത്തിന്റെ വിയോഗം ഒരു യുഗത്തിന്റെ അന്ത്യമായി വിലയിരുത്തപ്പെടുന്നു.

മമത ബാനർജിക്കൊപ്പം തൃണമൂൽ കോൺഗ്രസ് കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച നേതാവായിരുന്നു അദ്ദേഹം. ഇന്ത്യയുടെ 32-ാമത് റെയിൽവേ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബംഗാൾ നിയമസഭയിൽ കൃഷ്ണനഗർ ഉത്തർ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. ഇതിനുപുറമെ രണ്ട് തവണ രാജ്യസഭാംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. രാഷ്ട്രീയ ജീവിതത്തിനിടയിൽ 2017-ൽ തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. പിന്നീട് 2021 ജൂണിൽ അദ്ദേഹം വീണ്ടും തൃണമൂൽ കോൺഗ്രസിലേക്ക് തന്നെ മടങ്ങിയെത്തി. 2015 വരെ പാർട്ടിയുടെ നാഷണൽ ജനറൽ സെക്രട്ടറി സ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു.

ആരോഗ്യനില വഷളായതിനെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് തിങ്കളാഴ്ച രാവിലെയാണ് ഹൃദയസ്തംഭനം ഉണ്ടായത്.മുകുൾ റോയിയുടെ നിര്യാണത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പ്രമുഖരും അനുശോചനം രേഖപ്പെടുത്തി. ബംഗാൾ രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ഒരുപോലെ സ്വാധീനമുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്

Leave a Reply

Your email address will not be published. Required fields are marked *