സൂരിനാം മുൻ പ്രസിഡന്റ് ചന്ദ്രിക പ്രസാദ് സന്തോഷി അന്തരിച്ചു

ന്യൂഡൽഹി: തെക്കേ അമേരിക്കൻ രാജ്യമായ സൂരിനാമിൻ്റെ മുൻ പ്രസിഡന്റും ഇന്ത്യൻ വംശജനുമായ ചന്ദ്രിക പ്രസാദ് സന്തോഷി (67) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം. അദ്ദേഹത്തോടുള്ള ആദരസൂചകമായി സൂരിനാമിൽ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.

ബീഹാർ സ്വദേശിയായ സന്തോഷി, സൂരിനാമിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ശക്തനായ നേതാവായിരുന്നു. 2020 മുതൽ 2025 വരെ അദ്ദേഹം സൂരിനാമിൻ്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. ഭാരതീയ പാരമ്പര്യത്തിൽ ഉറച്ചുനിന്നുകൊണ്ട് സംസ്കൃത ശ്ലോകങ്ങൾ ചൊല്ലി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത് വലിയ വാർത്തയായിരുന്നു.

സന്തോഷിയുടെ നിര്യാണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയുടെ അടുത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്നും ഇൻഡോ-സൂരിനാം ബന്ധത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്നും പ്രധാനമന്ത്രി കുറിച്ചു. മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *