സിഡ്‌നി: മൂന്ന് കൊലപാതകങ്ങൾ നടത്തിയ കുപ്രസിദ്ധ കുറ്റവാളിക്കൊപ്പം രണ്ട് വളർത്തുമക്കൾ ഒരുമിച്ച് താമസിച്ച സംഭവത്തിൽ ന്യൂ സൗത്ത് വെയ്‌ൽസ് (NSW) സർക്കാരിന് ഗുരുതര വീഴ്ച. 12-ഉം 14-ഉം വയസ്സുള്ള കുട്ടികൾക്കൊപ്പമാണ് ശിക്ഷ കഴിഞ്ഞിറങ്ങിയ റെജീന ആർതറെൽ സിഡ്‌നിയിലെ വീട്ടിൽ കഴിഞ്ഞിരുന്നത്. സംഭവം വിവാദമായതോടെ സർക്കാരിന്റെ ചിലവിൽ 700 ഡോളർ നൽകി ഇവരെ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. സിഡ്‌നിയിലെ ഒരു റേഡിയോ സ്റ്റേഷൻ വഴിയാണ് ഈ വിവരം പുറംലോകമറിഞ്ഞത്.
കമ്മ്യൂണിറ്റീസ് ആൻഡ് ഫാമിലി മിനിസ്റ്റർ കേറ്റ് വാഷിംഗ്ടൺ ഈ സംഭവത്തെ ‘ഞെട്ടിപ്പിക്കുന്നത്’ എന്നാണ് വിശേഷിപ്പിച്ചത്. സർക്കാരിന്റെ സംരക്ഷണയിലുള്ള കുട്ടികൾ ഒരു കൊലപാതകിക്കൊപ്പം താമസിക്കേണ്ടി വന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഇതിൽ ഖേദിക്കുന്നുവെന്നും അവർ പാർലമെന്റിൽ പറഞ്ഞു. സംഭവത്തിൽ വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കുകയും വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വിവരം പുറത്തുവന്ന ഉടൻ തന്നെ കുറ്റവാളിയെ വീട്ടിൽ നിന്ന് മാറ്റിയതായും മന്ത്രി വ്യക്തമാക്കി.
‘കൗബോയ് കില്ലർ’ എന്ന് വിളിക്കപ്പെടുന്ന ആർതറെൽ, 1995-ൽ തന്റെ പ്രതിശ്രുത വധുവിനെ കൊലപ്പെടുത്തിയ കേസിൽ 24 വർഷം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇതിനുമുമ്പ് 1970-കളിൽ സ്വന്തം രണ്ടാനച്ഛനെയും 1980-കളിൽ ഒരു നാവികനെയും കൊലപ്പെടുത്തിയ കേസിലും ഇവർ പ്രതിയായിരുന്നു. 2020-ലാണ് ഇവർക്ക് പരോൾ ലഭിച്ചത്. നികുതിപ്പണം ഉപയോഗിച്ച് കുറ്റവാളിക്ക് താമസമൊരുക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് അടിയന്തര നടപടി സ്വീകരിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.

