ലക്നൗ: ഉത്തർപ്രദേശിലെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സ്ഫോടനങ്ങൾ നടത്താനും രാഷ്ട്രീയ നേതാക്കളെ വധിക്കാനും പദ്ധതിയിട്ട നാല് യുവാക്കളെ ഭീകരവിരുദ്ധ സേന (ATS) അറസ്റ്റ് ചെയ്തു. മീററ്റ് സ്വദേശി സാഖിബ് (ഡെവിൾ), അറബാബ്, വികാസ്, ലോകേഷ് എന്നിവരാണ് പിടിയിലായത്. ലക്നൗ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ റെയിൽവേ സ്റ്റേഷനുകൾ, സിഗ്നൽ സംവിധാനങ്ങൾ, പാചക വാതക സിലിണ്ടറുകൾ കൊണ്ടുപോകുന്ന ട്രക്കുകൾ എന്നിവ തകർത്ത് രാജ്യത്ത് വലിയ തോതിൽ ഭീതി പടർത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
പിടിയിലായവർക്ക് നിരോധിത ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി (ISIS) ബന്ധമുണ്ടെന്ന് എടിഎസ് വ്യക്തമാക്കി. പാകിസ്ഥാനിലെ ഐഎസ്ഐ (ISI) ഹാൻഡ്‌ലർമാരുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചിരുന്നത്. സോഷ്യൽ മീഡിയ വഴിയും രഹസ്യ ആപ്പുകൾ വഴിയുമാണ് ഇവർ അതിർത്തിക്കപ്പുറമുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്. ചില പ്രമുഖ രാഷ്ട്രീയ നേതാക്കളെ ഇവർ നിരീക്ഷിച്ചുവരികയായിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ഇതിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റെയിൽവേ സ്റ്റേഷൻ തകർക്കാൻ പദ്ധതി : നാലു യുവാക്കൾ പിടിയിൽ

