തൊടുപുഴ: ഓസ്ട്രേലിയയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളി പത്രത്തിന്റെയും നാലാമൻ മീഡിയയുടെയും കേരള ബ്യൂറോയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം വിപുലമായി ആഘോഷിച്ചു. ‘എപ്പോഴെങ്കിലും അവളോട് നന്ദിവാക്ക് പറഞ്ഞിട്ടുണ്ടോ?’ എന്ന പ്രമേയത്തിൽ എട്ടുദിവസം നീണ്ടുനിന്ന പ്രത്യേക അഭിമുഖ പരമ്പരയുടെ ഭാഗമായാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്.
വനിതാ ദിനത്തിൽ സ്ത്രീകളെ അഭിമുഖം ചെയ്യുന്ന പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി, സമൂഹത്തിന്റെ വിവിധ മേഖലകളിൽ മുദ്രപതിപ്പിച്ച പുരുഷന്മാരെ പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടി വേറിട്ടുനിന്നത്. പ്രത്യാശഭവൻ എന്ന പ്രസ്ഥാനത്തിലൂടെ മദ്യപാന വിമുക്ത പ്രവർത്തനങ്ങളിൽ സജീവമായ പ്രിൻസ് അഗസ്റ്റിൻ, പാർശ്വവൽക്കരിക്കപ്പെട്ട കുഞ്ഞുങ്ങൾക്കും അമ്മമാർക്കുമായി മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ നടത്തുന്ന ജോഷി മാത്യു, മുൻ സന്തോഷ് ട്രോഫി താരം വി.എ. സലിംകുട്ടി, കർഷകനും പ്രവാസിയുമായിരുന്ന വർഗീസ്, നൃത്താധ്യാപകനും മേക്കപ്പ് ആർട്ടിസ്റ്റുമായ സന്തോഷ് മാത്യു, യുവ സംരംഭകൻ ജോൺസൺ ഐസക് എന്നിവരാണ് അഭിമുഖ പരമ്പരയിൽ പങ്കെടുത്തത്. സ്വന്തം ജീവിതവിജയത്തിൽ കുടുംബത്തിലെ സ്ത്രീകൾ വഹിച്ച പങ്കിനെക്കുറിച്ചും അവരോടുള്ള നന്ദി പ്രകാശിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇവർ മനസ്സ് തുറന്നു.
അഭിമുഖത്തിൽ പങ്കെടുത്തവർക്ക് വലിയൊരു തിരിച്ചറിവ് നൽകിയ ഈ പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച്, പങ്കെടുത്ത പുരുഷന്മാരെയും അവരുടെ ഭാര്യമാരെയും ഒന്നിച്ച് പങ്കെടുപ്പിച്ചുകൊണ്ട് പ്രത്യേക വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. റോസാപ്പൂക്കൾ നൽകിയും കേക്ക് മുറിച്ചും ഇവർ തങ്ങളുടെ ജീവിതപങ്കാളികളോട് സ്നേഹവും നന്ദിയും അറിയിച്ചു. ഓസ്ട്രേലിയയിൽ നിന്നും ഓൺലൈനായി പങ്കെടുത്ത നാലാമൻ മീഡിയയുടെയും മലയാളി പത്രത്തിന്റെയും ചീഫ് എഡിറ്റർ ഡോ. ബാബു ഫിലിപ്പ് അഞ്ചനാട്ട് ചടങ്ങിന് ആശംസകൾ നേർന്നു.
മൈലക്കൊമ്പ് ആദർശ് ബോയ്സ് ഹോമിലെ സ്റ്റുഡിയോയിൽ നടന്ന ചടങ്ങുകൾക്ക് റീമാ ജോയ്, ഗീതാ ദാസ്, ജിജോ ജോയ്, മെഹ്റു ഇസ്മായേൽ തുടങ്ങിയവർ നേതൃത്വം നൽകി.
8 ദിവസത്തെ വനിതാ ദിന സ്പെഷ്യല്‍ ഇന്റര്‍വ്യൂ കാണുന്നതിനായി clik link

