കൊച്ചി: മലയാളത്തിലെ എക്കാലത്തെയും മികച്ച ക്രൈസ്തവ ഭക്തിഗാനങ്ങളിലൊന്നായ ‘പൈതലാം യേശുവേ’ എന്ന ഗാനത്തിന് ഈണം നൽകിയ പ്രശസ്ത സംഗീതജ്ഞനും ദൈവശാസ്ത്ര അധ്യാപകനുമായ ഫാ. ഡോ. ജസ്റ്റിൻ പനക്കൽ (91) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച (ഏപ്രിൽ 2) എറണാകുളം മഞ്ഞുമ്മലിലെ കർമ്മലീത്ത ആശ്രമത്തിൽ വെച്ചാണ് അന്തരിച്ചത്. അദ്ദേഹം ഈണം നൽകിയ ‘നവ്യമായൊരു കൽപ്പന…’ എന്ന ഗാനം ദേവാലയങ്ങളിൽ പാടുന്ന പെസഹാ വ്യാഴാഴ്ച തന്നെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം എന്നത് ശ്രദ്ധേയമായി.
കെ.ജെ. യേശുദാസിന്റെ ‘തരംഗിണി’ പുറത്തിറക്കിയ സുവർണ്ണകാലത്തെ ഭക്തിഗാന ആൽബങ്ങളിലൂടെയാണ് ഫാ. ജസ്റ്റിൻ പനക്കൽ ജനഹൃദയങ്ങളിൽ ഇടംപിടിച്ചത്. തളിർമാല്യം, സ്നേഹപ്രവാഹം, സ്നേഹസന്ദേശം തുടങ്ങിയ ആൽബങ്ങളിലായി അദ്ദേഹം ഒരുക്കിയ 28 ഗാനങ്ങളിൽ ഭൂരിഭാഗവും പാടിയത് യേശുദാസായിരുന്നു.’പൈതലാം യേശുവേ’, ‘എൻ ജീവിതമാം ഈ മരക്കൊമ്പിൽ’, ‘മഞ്ഞുപൊഴിയുന്ന മാമരം’, ‘കാർത്താവാം യേശുവേ മർത്യ വിമോചകാ’, ‘സ്നേഹസ്വരൂപാ തവദർശനം’ തുടങ്ങിയവ അദ്ദേഹത്തിന്റെ മാസ്റ്റർപീസുകളായി കരുതപ്പെടുന്നു.
സംഗീതജ്ഞൻ എന്നതിലുപരി മികച്ചൊരു ദൈവശാസ്ത്ര പണ്ഡിതൻ കൂടിയായിരുന്നു അദ്ദേഹം. ആലുവ മംഗലപ്പുഴ പൊന്തിഫിക്കൽ സെമിനാരിയിൽ 28 വർഷം പ്രൊഫസറായും 22 വർഷം പ്രൊഫസർ എമിരറ്റസായും സേവനമനുഷ്ഠിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായി 17 പുസ്തകങ്ങളും നൂറുകണക്കിന് ലേഖനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ‘ഏഷ്യൻ തിയോളജിയൻ’ എന്ന ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
മഞ്ഞുമ്മൽ പ്രൊവിൻസിലെ അംഗമായ അദ്ദേഹത്തിന്റെ ഭൗതികദേഹം തിങ്കളാഴ്ച (ഏപ്രിൽ 6) രാവിലെ 7 മണി മുതൽ മഞ്ഞുമ്മൽ കർമ്മലീത്ത ആശ്രമത്തിൽ പൊതുദർശനത്തിന് വെക്കും. സംസ്കാര ശുശ്രൂഷകൾ അന്ന് ഉച്ചയ്ക്ക് 3 മണിക്ക് മഞ്ഞുമ്മൽ കർമ്മലീത്ത ആശ്രമ ദേവാലയത്തിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

