ന്യൂഡൽഹി: തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാഷ്ട്രീയ പാർട്ടികളും സംസ്ഥാന സർക്കാരുകളും പ്രഖ്യാപിക്കുന്ന സൗജന്യ പദ്ധതികൾ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെയും തൊഴിൽ സംസ്കാരത്തെയും ദോഷകരമായി ബാധിക്കുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, തമിഴ്നാട് പവർ ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷന്റെ ഹർജി പരിഗണി ക്കവെയാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. വരുമാനക്കമ്മി നേരിടുന്ന സംസ്ഥാനങ്ങൾ പോലും അടിസ്ഥാന വികസനം അവഗണിച്ച് ഇത്തരം ‘പ്രീണന നയങ്ങൾ’ പിന്തുടരുന്നത് ഗൗരവതരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
സൗജന്യ സൈക്കിൾ, സൗജന്യ ഭക്ഷണം, സൗജന്യ വൈദ്യുതി എന്നിവയ്ക്ക് പുറമെ നേരിട്ടുള്ള പണകൈമാറ്റം വരെ ഇന്ന് തിരഞ്ഞെടുപ്പ് ആയുധമാകുന്നുവെന്ന് കോടതി പറഞ്ഞു. ഇത്തരം രീതികൾ ജനങ്ങളെ മടിയന്മാരാക്കുമെന്നും അധ്വാനിക്കാനുള്ള താല്പര്യം ഇല്ലാതാക്കുമെന്നും ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചു. “രാവിലെ മുതൽ ഭക്ഷണം, ഗ്യാസ്, വൈദ്യുതി എന്നിവ സൗജന്യമായി ലഭിക്കുകയും അക്കൗണ്ടിലേക്ക് നേരിട്ട് പണം വരികയും ചെയ്താൽ പിന്നെ എന്തിനാണ് ആളുകൾ ജോലി ചെയ്യുന്നത്? നമ്മൾ എങ്ങനെയുള്ള ഒരു സംസ്കാരമാണ് ഇവിടെ വളർത്തിയെടുക്കുന്നത്?” എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
നികുതിദായകരുടെ പണം ഉപയോഗിച്ച് നടത്തുന്ന ഇത്തരം വിതരണങ്ങൾ നിർത്തിവെച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സംസ്ഥാനങ്ങൾ മുൻഗണന നൽകേണ്ടതെന്ന് കോടതി നിർദ്ദേശിച്ചു. ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ക്ഷേമപദ്ധതികൾ എത്തിക്കേണ്ടത് സർക്കാരിന്റെ കടമയാണ്. എന്നാൽ സാമ്പത്തിക ശേഷിയുള്ളവർക്ക് പോലും വേർതിരിവില്ലാതെ സൗജന്യങ്ങൾ നൽകുന്നത് ഖജനാവിന് വലിയ ബാധ്യതയുണ്ടാക്കുമെന്നും അന്തിമമായി അത് രാജ്യത്തിന്റെ വളർച്ചയെ തളർത്തുമെന്നും കോടതി ഓർമ്മിപ്പിച്ചു. തമിഴ്നാടിന് പുറമെ പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളുടെ ഉദാഹരണങ്ങൾ പരാമർശിച്ച കോടതി, ഈ പ്രവണതയിൽ മാറ്റം വരുത്താൻ എല്ലാ രാഷ്ട്രീയ പാർട്ടികളും സാമൂഹിക ചിന്തകരും തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

