സിഡ്‌നി: മിഡിൽ ഈസ്റ്റ് സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഓസ്‌ട്രേലിയയിൽ ഇന്ധന പ്രതിസന്ധി അതീവ ഗുരുതരാവസ്ഥയിലേക്ക്. കേവലം പെട്രോൾ വിലവർദ്ധനവിൽ ഒതുങ്ങാതെ, രാജ്യത്തെ അടിസ്ഥാന സേവനങ്ങളെപ്പോലും ബാധിക്കുന്ന രീതിയിലേക്ക് ‘ഡീസൽ ക്ഷാമം’ വളരുകയാണ്. വരും ദിവസങ്ങളിൽ ഓസ്‌ട്രേലിയൻ ജനതയെ ഈ പ്രതിസന്ധി എങ്ങനെയൊക്കെ ബാധിക്കുമെന്നതിന്റെ സൂചനകൾ പുറത്തുവന്നു കഴിഞ്ഞു.
ഇന്ധനക്ഷാമം ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളത് നഗരസഭകളുടെ മാലിന്യശേഖരണത്തെയാണ്. ഡീസൽ ലഭ്യത കുറഞ്ഞതോടെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ട്രക്കുകളുടെ പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയാണെന്ന് ലോക്കൽ ഗവൺമെന്റ് എൻ.എസ്.ഡബ്ല്യു (LGNSW) പ്രസിഡന്റും ഇന്നർ വെസ്റ്റ് കൗൺസിൽ മേയറുമായ ഡാർസി ബേൺ മുന്നറിയിപ്പ് നൽകി. പല പ്രാദേശിക കൗൺസിലുകളിലും ഏതാനും ആഴ്ചത്തേക്കുള്ള ഡീസൽ ശേഖരം മാത്രമാണുള്ളത്. അടിയന്തരമായി ഇന്ധന ലഭ്യത ഉറപ്പാക്കിയില്ലെങ്കിൽ തെരുവുകളിൽ മാലിന്യം കുന്നുകൂടുന്ന ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് അദ്ദേഹം ബുധനാഴ്ച നടന്ന അടിയന്തര യോഗത്തിൽ വ്യക്തമാക്കി.
ഭക്ഷ്യലഭ്യതയെയും വിലനിലവാരത്തെയും ഈ പ്രതിസന്ധി സാരമായി ബാധിക്കും. ഓസ്‌ട്രേലിയയിലെ ഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും ഡീസലിനെ ആശ്രയിച്ചായതിനാൽ, വിതരണച്ചെലവ് വർദ്ധിക്കുന്നത് പച്ചക്കറികളുടെയും പാലിന്റെയും ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില 50 ശതമാനം വരെ വർദ്ധിക്കാൻ കാരണമായേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിളവെടുപ്പിന് ആവശ്യമായ ഇന്ധനം ലഭിക്കാതെ വന്നാൽ കൃഷിയിടങ്ങളിൽ ഉൽപ്പന്നങ്ങൾ നശിച്ചുപോകുന്ന അവസ്ഥയും കർഷകർ നേരിടുന്നുണ്ട്.
പ്രതിസന്ധി മറികടക്കാൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് ‘ട്രിപ്പിൾ ഇന്റർവെൻഷൻ’ (Triple-intervention) പദ്ധതി പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മാസത്തേക്ക് ഇന്ധന എക്സൈസ് ഡ്യൂട്ടി പകുതിയായി കുറയ്ക്കാനും ഹെവി വെഹിക്കിൾ റോഡ് യൂസർ ചാർജ് ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്. കൂടാതെ, കൂടുതൽ ഇന്ധനം വിപണിയിലെത്തിക്കുന്നതിനായി ഡീസൽ ഗുണനിലവാര മാനദണ്ഡങ്ങളിൽ താൽക്കാലിക ഇളവ് വരുത്താനും സർക്കാർ ഉത്തരവിട്ടു. എന്നിരുന്നാലും, ആഗോള വിപണിയിലെ അനിശ്ചിതത്വം തുടരുന്നതിനാൽ ഈ നടപടികൾ എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു

