മെൽബൺ: ഓസ്ട്രേലിയയിൽ ഇന്ധനവില ലിറ്ററിന് 2.20 ഡോളർ കടന്ന് കുതിക്കുമ്പോൾ, ആശ്വാസമാകേണ്ട 7-ഇലവൻ ആപ്പിലെ ‘ഫ്യുവൽ പ്രൈസ് ലോക്ക്’ (Fuel Price Lock) ഫീച്ചർ പ്രവർത്തനരഹിതമെന്ന് പരാതി. ഇറാൻ ഹോർമുസ് കടലിടുക്ക് ഉപരോധിച്ചതിനെത്തുടർന്ന് രാജ്യത്തേക്കുള്ള അസംസ്കൃത എണ്ണയുടെ വരവ് തടസ്സപ്പെട്ടതാണ് ഓസ്ട്രേലിയയിൽ പെട്രോൾ വില കുതിച്ചുയരാൻ കാരണമായത്. ഇതോടെ രാജ്യം കടുത്ത ഇന്ധനക്ഷാമത്തിലേക്കും ആശങ്കയിലേക്കും നീങ്ങുകയാണ്.
കുതിച്ചുയരുന്ന വിലയിൽ നിന്നും താൽക്കാലിക ആശ്വാസം നേടാനാണ് ആയിരക്കണക്കിന് വാഹന ഉടമകൾ ‘മൈ 7-ഇലവൻ’ ആപ്പിനെ ആശ്രയിക്കുന്നത്. ഏഴ് ദിവസത്തേക്ക് കുറഞ്ഞ നിരക്കിൽ ഇന്ധനവില ലോക്ക് ചെയ്യാൻ ഈ ആപ്പ് ഉപഭോക്താക്കളെ അനുവദിക്കുന്നുണ്ട്. എന്നാൽ, കാലാവധി കഴിയുന്നതിന് മുൻപേ ലോക്ക് ചെയ്ത വില ആപ്പിൽ നിന്നും അപ്രത്യക്ഷമാകുന്നു എന്നാണ് സോഷ്യൽ മീഡിയയിലൂടെ ഉപഭോക്താക്കൾ പരാതിപ്പെടുന്നത്. ആപ്പിലെ സാങ്കേതിക തകരാർ മൂലം കുറഞ്ഞ വിലയിൽ ഇന്ധനം നിറയ്ക്കാനുള്ള അവസരം നഷ്ടപ്പെട്ടതായി ഫേസ്ബുക്കിലും റെഡ്ഡിറ്റിലും നിരവധി പേർ കുറിച്ചു. ലിറ്ററിന് 25 സെന്റ് വരെ ലാഭിക്കാൻ കഴിയുന്ന ഈ ഫീച്ചർ പലർക്കും ഇപ്പോൾ ലഭ്യമാകുന്നില്ല.
അതേസമയം, ആപ്പിൽ വ്യാപകമായ സാങ്കേതിക പ്രശ്നങ്ങളുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് 7-ഇലവൻ വക്താവ് പ്രതികരിച്ചത്. ഒറ്റപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നും ബുദ്ധിമുട്ട് നേരിടുന്നവർ കസ്റ്റമർ സർവീസുമായി ബന്ധപ്പെടണമെന്നും കമ്പനി അറിയിച്ചു. നിലവിൽ രാജ്യത്ത് പെട്രോൾ വില ശരാശരി 2.20 ഡോളറിലും ഡീസൽ വില ചിലയിടങ്ങളിൽ റെക്കോർഡ് നിരക്കായ 3 ഡോളറിലുമാണ് എത്തിനിൽക്കുന്നത്. ഏപ്രിൽ അവസാനത്തോടെ നിലവിലെ പെട്രോൾ ശേഖരം തീരാൻ സാധ്യതയുള്ളതിനാൽ ഇന്ധന റേഷനിംഗ് ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്

