ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ ഭാഗമായി റഷ്യയിൽ നിന്നുള്ള കുറഞ്ഞ നിരക്കിലുള്ള എണ്ണ ഇറക്കുമതി ഒഴിവാക്കാനുള്ള തീരുമാനം രാജ്യത്തെ ഇന്ധന വിപണിയിൽ വലിയ ആശങ്കകൾക്ക് വഴിതുറക്കുന്നു. ഉക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യൻ ക്രൂഡ് ഓയിൽ ബാരലിന് 50 മുതൽ 55 ഡോളർ വരെ നിരക്കിൽ ഇന്ത്യയ്ക്ക് ലഭ്യമായിരുന്നു. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കർശനമായ നിബന്ധനകൾക്ക് വഴങ്ങി റഷ്യൻ എണ്ണ വേണ്ടെന്നു വെക്കുന്നത് ഇറക്കുമതി ചിലവിൽ 15 മുതൽ 20 ശതമാനം വരെ വർദ്ധനയുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. റഷ്യൻ ഡിസ്കൗണ്ട് നഷ്ടമാകുന്നതോടെ അന്താരാഷ്ട്ര വിപണിയിലെ ബ്രെന്റ് ക്രൂഡ് നിരക്കിൽ എണ്ണ വാങ്ങേണ്ടി വരുന്നത് പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 5 മുതൽ 10 രൂപ വരെ വർദ്ധനവിന് കാരണമായേക്കാം.
നിലവിൽ ഡൽഹിയിൽ ലിറ്ററിന് 94.77 രൂപയും തിരുവനന്തപുരത്ത് 107.48 രൂപയുമാണ് പെട്രോൾ വില. അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും കൂടുതൽ എണ്ണ എത്തിക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഗതാഗത ചിലവ് ഉയരുന്നത് തിരിച്ചടിയാകും. ഇന്ധനവില വർദ്ധിക്കുന്നത് ചരക്കുനീക്കത്തെ ബാധിക്കുകയും ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് (Inflation) ഇടയാക്കുകയും ചെയ്യുമെന്ന ഭീതിയിലാണ് സാധാരണക്കാർ. എന്നാൽ, കരാറിനെത്തുടർന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 90.40 എന്ന നിലയിലേക്ക് ശക്തിപ്പെട്ടത് ഇറക്കുമതി ചിലവ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് സർക്കാർ വാദം. കൂടാതെ, ജനരോഷം തണുപ്പിക്കാനായി വരും ദിവസങ്ങളിൽ ഇന്ധന നികുതിയിൽ (Excise Duty) ഇളവ് നൽകുന്ന കാര്യം കേന്ദ്ര മന്ത്രിസഭ പരിഗണിച്ചേക്കും. എണ്ണക്കമ്പനികളുടെ ഓഹരികളിൽ ഇന്ന് സമ്മിശ്ര പ്രതികരണമാണ് വിപണിയിൽ പ്രകടമായത്

