ഇന്ധനക്ഷാമവും വിലവർധനവും,ഓസ്‌ട്രേലിയയിൽ തൊഴിൽ മേഖല സ്തംഭനത്തിലേക്ക്; ട്രേഡി അപ്രന്റീസുകൾ കൊഴിഞ്ഞുപോകാമെന്ന് ആശങ്ക

സിഡ്നി: ഓസ്‌ട്രേലിയയിലെ നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കി ഇന്ധനവില കുതിച്ചുയരുന്നു. ഇന്ധനക്ഷാമവും വിലവർധനവും താങ്ങാനാവാതെ ട്രേഡി അപ്രന്റീസുകൾ തൊഴിൽ ഉപേക്ഷിക്കാൻ ഒരുങ്ങുന്നത് രാജ്യത്ത് കടുത്ത ‘ട്രേഡി’ (Tradie) ക്ഷാമത്തിന് വഴിതെളിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന അപ്രന്റീസുകൾക്ക് തങ്ങളുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം ഇന്ധനത്തിനായി ചിലവഴിക്കേണ്ടി വരുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

റൂറൽ വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ നിന്നുള്ള ഇരുപതുകാരനായ പ്ലംബിംഗ് അപ്രന്റീസ് ടോം ബ്രൂക്സിന്റെ ജീവിതസാഹചര്യങ്ങൾ ഈ പ്രതിസന്ധിയുടെ നേർക്കാഴ്ചയാണ്. ആഴ്ചയിൽ 650 ഡോളർ മാത്രം വരുമാനമുള്ള ടോമിന് തന്റെ ശമ്പളത്തിന്റെ മൂന്നിലൊന്നും ഇന്ധനത്തിനായി മാറ്റിവെക്കേണ്ടി വരുന്നു. ജോലിസ്ഥലത്തേക്ക് ദിനംപ്രതി 70 കിലോമീറ്ററോളം യാത്ര ചെയ്യേണ്ടി വരുന്നത് ബജറ്റിനെ താളംതെറ്റിക്കുന്നതായി ടോം പറയുന്നു. പലയിടങ്ങളിലും ഡീസൽ ലിറ്ററിന് 3.15 ഡോളർ വരെയാണ് വില.

പ്രാദേശികമായ ഇന്ധന നിയന്ത്രണങ്ങൾ മറ്റൊരു വെല്ലുവിളിയാണ്. മിക്ക സർവീസ് സ്റ്റേഷനുകളിലും ഒരാൾക്ക് 40 ലിറ്റർ ഡീസൽ മാത്രമേ നൽകുന്നുള്ളൂ. ഇന്ധനലഭ്യത കുറഞ്ഞ ഇടങ്ങളിൽ ഇത് 20 ലിറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മാസങ്ങളായി ടാങ്ക് നിറയ്ക്കാൻ പോലും സാധിച്ചിട്ടില്ലെന്ന് അപ്രന്റീസുകൾ പരാതിപ്പെടുന്നു.

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ തുടരുന്നത് ഇന്ധനവില ഇനിയും വർധിക്കാൻ കാരണമാകുമെന്ന ആശങ്ക ശക്തമാണ്. റീം ഓസ്‌ട്രേലിയ (Rheem Australia) നടത്തിയ സർവേ പ്രകാരം, ഇന്ധന പ്രതിസന്ധിക്ക് മുൻപ് തന്നെ 60 ശതമാനത്തോളം പ്ലംബിംഗ് അപ്രന്റീസുകൾ ജോലിസ്ഥലത്തോ ടാഫിലോ (TAFE) എത്തുന്നതിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരുന്നു. നിലവിൽ പെട്രോൾ വില 2.50 ഡോളറും ഡീസൽ വില 3 ഡോളറും പിന്നിട്ടതോടെ വാടകയും ഭക്ഷണവും ഉൾപ്പെടെയുള്ള നിത്യചെലവുകൾ കണ്ടെത്താൻ അപ്രന്റീസുകൾ ബുദ്ധിമുട്ടുകയാണ്.

കാർപെന്റർമാർ, ഇലക്ട്രീഷ്യന്മാർ, പ്ലംബർമാർ എന്നിവരുടെ കടുത്ത ക്ഷാമം നേരിടുന്ന ഓസ്‌ട്രേലിയൻ നിർമ്മാണ മേഖലയ്ക്ക്, പരിശീലനം നേടുന്ന യുവാക്കളുടെ ഈ കൊഴിഞ്ഞുപോക്ക് വൻ തിരിച്ചടിയാകും. ജീവിതച്ചെലവ് വർധിച്ച സാഹചര്യത്തിൽ അപ്രന്റീസ്ഷിപ്പ് ഉപേക്ഷിച്ച് മറ്റ് ജോലികളിലേക്ക് മാറാൻ പലരും നിർബന്ധിതരാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *