ബ്രിസ്‌ബെയ്ൻ: മിഡിൽ ഈസ്റ്റിലെ യുദ്ധത്തെത്തുടർന്ന് ആഗോള എണ്ണ വിപണിയിലുണ്ടായ അനിശ്ചിതത്വം ഓസ്‌ട്രേലിയയിൽ കടുത്ത ഇന്ധനക്ഷാമത്തിന് വഴിവെക്കുന്നു. ക്വീൻസ്‌ലൻഡിന്റെ റീജിയണൽ മേഖലകളിലെ സ്വതന്ത്ര പെട്രോൾ പമ്പുകളിൽ ഇന്ധനം പൂർണ്ണമായും തീർന്നതോടെ കർഷകരും പ്രാദേശിക ജനവിഭാഗങ്ങളും കടുത്ത പ്രതിസന്ധിയിലായി.
ക്വീൻസ്‌ലൻഡ്-ന്യൂ സൗത്ത് വെയ്‌ൽസ് അതിർത്തിക്കടുത്തുള്ള ഗോണ്ടിവിണ്ടി (Goondiwindi), ടെക്സസ് (Texas) തുടങ്ങിയ ചെറിയ പട്ടണങ്ങളിലെ സ്വതന്ത്ര പമ്പുകൾ കഴിഞ്ഞ ദിവസങ്ങളിൽ പൂർണ്ണമായും അടച്ചിട്ടു. വൻകിട എണ്ണക്കമ്പനികൾ അവരുടെ സ്വന്തം വിതരണ ശൃംഖലകൾക്ക് മുൻഗണന നൽകുന്നതിനാലാണ് സ്വതന്ത്ര പമ്പുകൾക്ക് ഇന്ധനം ലഭിക്കാത്തതെന്ന് ഗോണ്ടിവിണ്ടി മേയർ ലോറൻസ് സ്പ്രിംഗ്ബോർഗ് പറഞ്ഞു. ക്ഷാമം രൂക്ഷമായതോടെ പല കർഷകർക്കും തങ്ങളുടെ കൃഷിപ്പണികൾ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നിരിക്കുകയാണ്.
ഇന്ധനക്ഷാമത്തോടൊപ്പം വിലക്കയറ്റവും ജനങ്ങളെ വലയ്ക്കുന്നു. കഴിഞ്ഞ ആഴ്ച ലിറ്ററിന് 1.70 ഡോളർ ആയിരുന്ന പെട്രോൾ വില നിലവിൽ 2 ഡോളർ കടന്നു. ഈ ആഴ്ച അവസാനത്തോടെ ഇത് 3 ഡോളറിലേക്ക് എത്തിയേക്കാമെന്ന് മേയർ മുന്നറിയിപ്പ് നൽകി. ഇറാൻ യുദ്ധത്തെത്തുടർന്ന് എണ്ണ നീക്കത്തിന്റെ പ്രധാന കേന്ദ്രമായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) അടച്ചതാണ് ആഗോള വിപണിയിൽ എണ്ണ വില 25 ശതമാനം വരെ ഉയരാൻ കാരണമായത്. നിലവിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 115 യുഎസ് ഡോളർ കടന്നിട്ടുണ്ട്.
ഇന്ധനവിലയിലെ അമിതമായ വർദ്ധനവ് തടയാൻ വിക്ടോറിയൻ സർക്കാർ ഇന്ന് മുതൽ പുതിയ നിയമം (Daily Fuel Price Caps) നടപ്പിലാക്കി. ഇതനുസരിച്ച് എല്ലാ ദിവസവും ഉച്ചയ്ക്ക് 2 മണിക്ക് അടുത്ത ദിവസത്തേക്കുള്ള പരമാവധി വില പമ്പുകൾ നിശ്ചയിക്കണം. പിറ്റേന്ന് രാവിലെ 6 മണി മുതൽ 24 മണിക്കൂർ നേരത്തേക്ക് ഈ വിലയിൽ മാറ്റം വരുത്താൻ പാടില്ല. ജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം ശേഖരിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
രാജ്യത്തെ ഇന്ധന ശേഖരം കുറയുന്ന സാഹചര്യത്തിൽ ഫെഡറൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പ്രാദേശിക ഭരണകൂടങ്ങൾ ആവശ്യപ്പെട്ടു. നിലവിൽ ഓസ്‌ട്രേലിയയിൽ 32 ദിവസത്തേക്കുള്ള ജെറ്റ് ഇന്ധനവും, 34 ദിവസത്തേക്കുള്ള ഡീസലും, 36 ദിവസത്തേക്കുള്ള പെട്രോളും മാത്രമാണ് സ്റ്റോക്കുള്ളതെന്ന് ഊർജ്ജ മന്ത്രി ക്രിസ് ബോവൻ അറിയിച്ചു.

