ഇന്ധനക്ഷാമം രൂക്ഷമാകുന്നു: ഓസ്‌ട്രേലിയയിലും നാല് പ്രവൃത്തിദിനങ്ങള്‍ പരിഗണനയില്‍

മെല്‍ബണ്‍: ഇറാനിലെ യുദ്ധത്തെത്തുടര്‍ന്ന് ലോകമെമ്പാടും ഇന്ധന പ്രതിസന്ധി കടുത്തതോടെ, ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി ഓസ്‌ട്രേലിയയിലും ആഴ്ചയില്‍ നാല് പ്രവൃത്തിദിനങ്ങള്‍ നടപ്പിലാക്കണമെന്ന് വിദഗ്ധര്‍. ശ്രീലങ്ക, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ നിലവില്‍ ഈ മാതൃക സ്വീകരിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റും അടിയന്തരമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ ആരംഭിക്കണമെന്ന് മക്വാരി യൂണിവേഴ്സിറ്റിയിലെ എനര്‍ജി ആന്‍ഡ് റിസോഴ്സ് ലോ പ്രൊഫസര്‍ ടിന സോളിമന്‍ ഹണ്ടര്‍ വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കപ്പെട്ടതോടെ ഓസ്‌ട്രേലിയയിലേക്കുള്ള ആറോളം എണ്ണക്കപ്പലുകള്‍ റദ്ദാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെട്രോള്‍ വില ലിറ്ററിന് 2.50 ഡോളറും ഡീസല്‍ വില റെക്കോര്‍ഡ് നിരക്കായ 3 ഡോളറും കടന്നു. പ്രതിസന്ധി ഉടനെങ്ങും പരിഹരിക്കപ്പെടാന്‍ സാധ്യതയില്ലാത്തതിനാല്‍, റോഡുകളില്‍ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും ഇന്ധനം ലാഭിക്കാനും നാല് പ്രവൃത്തിദിനങ്ങള്‍ സഹായിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതേസമയം, നാല് പ്രവൃത്തിദിനങ്ങള്‍ എന്നത് ഒരു സ്ഥിരമായ പരിഹാരമാകില്ലെന്നും സോളിമന്‍ ഹണ്ടര്‍ മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് വര്‍ക്ക് ഫ്രം ഹോം രീതി വ്യാപകമാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കും സൗകര്യപ്രദമായ രീതിയില്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാധ്യതകള്‍ തേടാമെന്ന് വ്യവസായ മന്ത്രി ടിം അയേഴ്‌സും ഊര്‍ജ മന്ത്രി ക്രിസ് ബോവനും സൂചിപ്പിച്ചു. എന്നാല്‍, അവസാന മാര്‍ഗമെന്ന നിലയില്‍ മാത്രമേ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താവൂ എന്നാണ് ബിസിനസ് കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയയുടെ നിലപാട്.

നിലവില്‍ 38 ദിവസത്തേക്കുള്ള പെട്രോളും 30 ദിവസത്തേക്കുള്ള ഡീസലും മാത്രമാണ് ഓസ്‌ട്രേലിയയില്‍ സ്റ്റോക്കുള്ളത്. ഈ ശേഖരം തീരുന്ന പക്ഷം ഇന്ധനവില ഇനിയും ഉയരാനും ഇന്ധന ലഭ്യത അവശ്യസേവനങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനും സാധ്യതയുണ്ട്. ഇറാന്‍ യുദ്ധം എത്രയും വേഗം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം

Leave a Reply

Your email address will not be published. Required fields are marked *