ഗോൾഡ് കോസ്റ്റ്: ഓഷ്യാനിയ മേഖലയിലെ ഏറ്റവും വലിയ യൂത്ത് ഫുട്സാൽ മാമാങ്കത്തിന് ഗോൾഡ് കോസ്റ്റ് സ്‌പോർട്‌സ് ആൻഡ് ലിഷർ സെന്ററിൽ ആവേശകരമായ സമാപനം. ജനുവരി 19 മുതൽ 24 വരെ നടന്ന ‘ഗോൾഡ് കോസ്റ്റ് ഇന്റർനാഷണൽ ഫുട്സാൽ കപ്പിൽ’ ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള 250-ലധികം ടീമുകളാണ് മാറ്റുരച്ചത്.
മുമ്പ് ‘ക്രെയ്ഗ് ഫോസ്റ്റർ ഇന്റർനാഷണൽ’ എന്നറിയപ്പെട്ടിരുന്ന ഈ ടൂർണമെന്റ്, ഫുട്ബോൾ ഫെഡറേഷൻ ഓസ്‌ട്രേലിയയുടെയും (FFA) ഫുട്ബോൾ ക്വീൻസ്‌ലാൻഡിന്റെയും അംഗീകാരത്തോടെയാണ് സംഘടിപ്പിച്ചത്. ഓസ്‌ട്രേലിയക്ക് പുറമെ ന്യൂസിലാൻഡ്, സോളമൻ ഐലൻഡ്‌സ്, ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള കരുത്തുറ്റ ടീമുകളുടെ പങ്കാളിത്തം ടൂർണമെന്റിനെ ലോകശ്രദ്ധയിൽ എത്തിച്ചു.
ശ്രേയയ്ക്ക് സിൽവർ മെഡൽ തിളക്കം: ഈ അന്താരാഷ്ട്ര വേദിയിൽ മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് പത്തു വയസ്സുകാരിയായ ശ്രേയ ലീല വിമൽ. 10 വയസ്സുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ മത്സരിച്ച ‘ഫുട്സാൽ ബെല്ലരറ്റിന്റെ’ (Futsal Ballarat) വിക് വാരിയർ (Vic Warrier) ടീമംഗമായിരുന്നു ശ്രേയ. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ശ്രേയയുടെ ടീം ഫൈനലിൽ സിൽവർ മെഡൽ കരസ്ഥമാക്കി.
പ്രൊഫഷണൽ കോച്ചുകളുടെയും സ്കൗട്ടുകളുടെയും (Scouts) സാന്നിധ്യം ടൂർണമെന്റിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു. യുവതാരങ്ങൾക്ക് തങ്ങളുടെ കരിയർ രാജ്യാന്തര തലത്തിലേക്ക് ഉയർത്താനുള്ള വലിയൊരു വേദിയായി ഈ ആറു ദിവസത്തെ കായിക ഉത്സവം മാറി. ടൂർണമെന്റിൽ മികച്ച പ്രകടനം പുറത്തെടുത്ത ശ്രേയയെയും വിക് വാരിയർ ടീമിനെയും കായിക പ്രേമികൾ അഭിനന്ദിച്ചു.

