ഗണേഷ് കുമാർ മന്ത്രിസ്ഥാനം രാജിവെക്കില്ല;ഭാര്യയുമായുള്ള വിവാദം കുടുംബപരമായി പരിഹരിച്ചുവെന്ന് വിശദീകരണം

തിരുവനന്തപുരം: ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് വ്യക്തമാക്കി. ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.മുഖ്യമന്ത്രി പിണറായി വിജയനെ മന്ത്രിസഭാ യോഗത്തിന് ശേഷം നേരിൽ കണ്ട ഗണേഷ് കുമാർ വിഷയത്തിൽ വിശദീകരണം നൽകി. ആരോപണവുമായി ബന്ധപ്പെട്ട പ്രശ്നം രാഷ്ട്രീയമല്ല, കുടുംബപരമായ വിഷയമാണെന്നും ഭാര്യയ്ക്ക് ഇതുമായി ബന്ധപ്പെട്ട് പരാതി ഇല്ലെന്നും അദ്ദേഹം അറിയിച്ചു.

ഇതിനിടെ, വിവാദവുമായി ബന്ധപ്പെട്ട പ്രശ്നം ഒത്തുതീർപ്പായതായി ബിന്ദു മേനോനും വ്യക്തമാക്കി. ഗണേഷ് കുമാർ ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞതായും സംഭവത്തിൽ പൊലീസിൽ പരാതി നൽകില്ലെന്നും അവർ പറഞ്ഞു. മാപ്പ് പറഞ്ഞ സാഹചര്യത്തിൽ കൂടുതൽ വിവാദങ്ങൾക്ക് ആവശ്യമില്ലെന്നും ബിന്ദു മേനോൻ പ്രതികരിച്ചു.

അതേസമയം, സംഭവത്തെ തുടർന്ന് പ്രതിപക്ഷം മന്ത്രിക്കെതിരെ വിമർശനം ശക്തമാക്കിയിട്ടുണ്ട്. മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ നേതാക്കളും സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *