ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഗ്യാസ് റിസര്‍വേഷന്‍ പോളിസി പ്രഖ്യാപിച്ചു; പാചക വാതകത്തിന് വിലകുറഞ്ഞേക്കും

ആഭ്യന്തര വിപണിയില്‍ പാചകവാതക ലഭ്യത ഉറപ്പാക്കുന്നതിനായി വന്‍കിട ഉല്‍പ്പാദകര്‍ ഉല്‍പ്പാദനത്തിന്റെ നിശ്ചിത ശതമാനം ഓസ്ട്രേലിയയ്ക്കായി മാറ്റിവെക്കണമെന്ന പുതിയ നിയമം (Gas Reservation Policy) സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ഓസ്ട്രേലിയന്‍ വീടുകള്‍ക്കും വ്യവസായങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ പാചകവാതകം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെഡറല്‍ സര്‍ക്കാര്‍ ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.

ഓസ്ട്രേലിയയില്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ (Natural Gas) ഒരു നിശ്ചിത ശതമാനം വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിന് പകരം നിര്‍ബന്ധമായും രാജ്യത്തെ ആവശ്യങ്ങള്‍ക്കായി മാറ്റിവെക്കണം. 15% മുതല്‍ 25% വരെ വാതകം ഇത്തരത്തില്‍ ആഭ്യന്തര വിപണിക്കായി നീക്കിവെക്കേണ്ടി വരും.

അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം ഓസ്ട്രേലിയന്‍ ഉപഭോക്താക്കളെ ബാധിക്കാതിരിക്കാനും ആഭ്യന്തര വിപണിയില്‍ വാതക ലഭ്യത കൂട്ടി വില കുറയ്ക്കാനും ഇത് സഹായിക്കും.

2026-27 കാലയളവില്‍ ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരങ്ങളില്‍ ഉണ്ടായേക്കാവുന്ന വാതകക്ഷാമം പരിഹരിക്കുക.ഗ്യാസിനെ അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന നിര്‍മ്മാണ മേഖലയിലെ കമ്പനികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്ധനം ഉറപ്പാക്കുക.തുടങ്ങിയവയാണ് പോളിസി വഴി ലക്ഷ്യമാക്കുന്നത്

ഈ പോളിസി 2027 മുതല്‍ പൂര്‍ണ്ണമായി പ്രാബല്യത്തില്‍ വരും. ഇതിനായുള്ള നിയമനിര്‍മ്മാണം 2026-ല്‍ പാര്‍ലമെന്റില്‍ നടക്കും.നിലവില്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ (WA) സമാനമായ 15% റിസര്‍വേഷന്‍ പോളിസി നിലവിലുണ്ട്. ഇത് രാജ്യവ്യാപകമായി, പ്രത്യേകിച്ച് സിഡ്നി, മെല്‍ബണ്‍ അടക്കമുള്ള കിഴക്കന്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ഈ പുതിയ നീക്കം ഓസ്ട്രേലിയയിലെ ജീവിതച്ചെലവ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *