മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ സര്‍ക്കാരിനെതിരേ യുവജന (ജെന്‍ സി) പ്രക്ഷോഭം കനക്കുന്നു. തലസ്ഥാനമായ മെക്സിക്കോ സിറ്റിയില്‍ പ്രക്ഷോഭകാരികളും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 120 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ നൂറിലധികം പേരും പോലീസുകാരാണ്.
രാജ്യത്ത് കുറ്റകൃത്യങ്ങള്‍ പെരുകുന്നതും സര്‍ക്കാരിന്റെ അഴിമതിയുമാണ് പ്രക്ഷോഭത്തിലേക്കു നയിച്ച കാരണങ്ങള്‍. മയക്കു മരുന്നു മാഫിയകള്‍ക്കെതിരേ ശക്തമായ നിലപാട് എടുത്ത യുവ മേയര്‍ കാര്‍ലോസ് മാന്‍സോയുടെ കൊലപാതകമാണ് പ്രക്ഷോഭത്തിന് ആക്കം കൂട്ടിയ പ്രധാന ഘടകം. മീചോവാകാന് സംസ്ഥാനത്തെ ഉറ്വാപന് നഗരത്തിലെ മേയറായിരുന്ന കാര്‍ലോസിനെ ഈ മാസം ഒന്നിനാണ് വെടിവച്ചു കൊലപ്പെടുത്തിയത്. ചെറുപ്പക്കാര്‍ക്കിടയില്‍ ഏറെ സ്വാധീനമുണ്ടായിരുന്ന കാര്‍ലോസിന്റെ കൊലപാതകത്തില്‍ നിന്നു പ്രതിഷേധ പരമ്പര ആരംഭിക്കുകയായിരുന്നു. വിവിധ പ്രവിശ്യകളില്‍ പ്രതിഷേധം അരങ്ങേറിയെങ്കിലും അക്രമാസക്തമായത് മെക്സിക്കോ സിറ്റിയില്‍ മാത്രമായിരുന്നു.

