മുറുംബിഡ്ജീ ലോക്കല്‍ ഹെല്‍ത്ത് ഡിസ്ട്രിക്ട്‌ ഡയറക്ടറായി ജോര്‍ജ് ജോണ്‍ തിരഞ്ഞെടുക്കപ്പെട്ടു

സിഡ്‌നി: ന്യൂ സൗത്ത് വെയില്‍സിലെ മുറുംബിഡ്ജീ ലോക്കല്‍ ഹെല്‍ത്ത് ഡിസ്ട്രിക്ടി(എംഎല്‍എച്ച്ഡി)ന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് മലയാളിയും ചാള്‍സ് സ്റ്റുര്‍ട്ട് യൂണിവേഴ്‌സിറ്റി ഫാര്‍മസി വിഭാഗം മേധാവിയുമായ ജോര്‍ജ് ജോണ്‍ തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ ഡയബറ്റിസ് ഓസ്‌ട്രേലിയ, മുറുംബിഡ്ജീ പ്രൈമറി ഹെല്‍ത്ത് നെറ്റ്വര്‍ക്ക് കമ്യൂണിറ്റി അഡൈ്വസറി കമ്മിറ്റി, വാഗവാഗ മള്‍ട്ടികള്‍ച്ചറല്‍ കൗണ്‍സില്‍ തുടങ്ങിയവയുടെ ബോര്‍ഡ് മെംബറായും ജോര്‍ജ് സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ചു വരുന്നു. വാഗവാഗ ലോക്കല്‍ ഹെല്‍ത്ത് അഡൈ്വസറി കമ്മിറ്റിയുടെ ചെയര്‍മാനുമാണ് ഇദ്ദേഹം.
അക്കാദമിക് രംഗത്ത് വൈദഗ്ധ്യം തെളിയിച്ച ജോര്‍ജിന് ഫാര്‍മസി, വൈദ്യശാസ്ത്രം, പാതോളജി, നഴ്‌സിങ്, ഓറല്‍ ഹെല്‍ത്ത്, ന്യൂട്രീഷന്‍ എന്നിങ്ങനെ നിരവധി അനുബന്ധ മേഖലകളിലും സമാനമായ അനുഭവസമ്പത്തുള്ളത് എംഎല്‍എച്ച്ഡിക്കു ലഭിക്കുന്ന നേട്ടമാകുമെന്ന് ഇദ്ദേഹത്തെ നിയമിച്ചുകൊണ്ടുള്ള അറിയിപ്പില്‍ ചെയര്‍മാന്‍ ആഡ്രിയന്‍ ലിന്‍ഡ്‌നര്‍ അഭിപ്രായപ്പെട്ടു.