തിരുവനന്തപുരം: ശ്രീകാര്യം എൻജിനീയറിങ് കോളേജിൽ (സി.ഇ.ടി) സജ്ജമാക്കിയ അത്യാധുനിക ജിയോ ടെക്നിക്കൽ റിസർച്ച് ആൻഡ് ടെസ്റ്റിംഗ് സെന്ററിന്റെ ഉദ്ഘാടനവും പുതിയ മെൻസ് ഹോസ്റ്റലിന്റെ ശിലാസ്ഥാപനവും ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു നിർവഹിച്ചു. ഗവേഷണ മേഖല ശക്തിപ്പെടുത്തുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും നാടിനാവശ്യമായ സാങ്കേതികവിദ്യകളും ഉൽപ്പന്നങ്ങളും വികസിപ്പിക്കാൻ റിസർച്ച് ഇൻഫ്രാസ്ട്രക്ചർ വികസനം സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി ചടങ്ങിൽ പറഞ്ഞു.
തുല്യതയുടെയും സാമൂഹ്യനീതിയുടെയും കാര്യത്തിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഹയർ എഡ്യൂക്കേഷൻ സർവേ പ്രകാരം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാർത്ഥികൾക്ക് ആനുപാതികമായ കലാലയങ്ങളും അധ്യാപകരും കേരളത്തിലുണ്ട്. ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ലക്ഷം രൂപയുടെ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പും മറ്റ് ഫെല്ലോഷിപ്പുകൾ ലഭ്യമല്ലാത്തവർക്ക് പ്രതിമാസം 15,000 രൂപയുടെ ഫെല്ലോഷിപ്പും സർക്കാർ നൽകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. സമൂഹത്തിന് ഉപകാരപ്രദമായ നൂതന ആശയങ്ങളുമായി വിദ്യാർത്ഥികൾ മുന്നോട്ട് വരണമെന്നും സി.ഇ.ടിയുടെ വികസന പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അവർ ഉറപ്പുനൽകി.
സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 11 കോടി രൂപ ചെലവഴിച്ചാണ് ജിയോ ടെക്നിക്കൽ റിസർച്ച് ആൻഡ് ടെസ്റ്റിംഗ് സെന്റർ പൂർത്തിയാക്കിയത്. സെല്ലാർ ഉൾപ്പെടെ അഞ്ച് നിലകളിലായി 7960 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ പൊതുമരാമത്ത് വകുപ്പാണ് കെട്ടിടം നിർമ്മിച്ചത്. കൂടാതെ, കിഫ്ബി ഫണ്ടിൽ നിന്ന് 17.58 കോടി രൂപ ചെലവിൽ 150 വിദ്യാർത്ഥികൾക്ക് താമസിക്കാവുന്ന പുതിയ മെൻസ് ഹോസ്റ്റലിന്റെ നിർമ്മാണവും ഉടൻ ആരംഭിക്കും. 3000 ചതുരശ്ര മീറ്ററിലായിരിക്കും ഹോസ്റ്റൽ സമുച്ചയം ഒരുങ്ങുന്നത്

