ബര്‍ലിന്‍ : ലോകത്തിലെ ഏറ്റവും വലിയ ക്രിസ്മസ് ട്രീ ജര്‍മനിയിലെ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ സംസ്ഥാനത്തിലെ വ്യവസായ നഗരമായ ഡോര്‍ട്ട്മുണ്ടില്‍ സ്ഥാപിച്ചു.45 മീറ്റര്‍ ഉയരവും 40 ടണ്‍ ഭാരവുമുള്ള ക്രിസ്മസ് ട്രീയുടെ ഭംഗി ആസ്വദിക്കാന്‍ ആയിരക്കണക്കിന് സന്ദര്‍ശകരാണ് ഡോര്‍ട്ട്മുണ്ടിലെ ഹന്സാപ്ലാറ്റ്സില് ഒരുക്കിയ ക്രിസ്മസ് മാര്‍ക്കറ്റില്‍ ദിവസേന എത്തുന്നത്.ക്രിസ്മസ് മാര്‍ക്കറ്റ് തുറന്നതിന് തൊട്ടുപിന്നാലെ,ലോകത്തിലെ ഏറ്റവും വലിയ ക്രിസ്മസ് ട്രീയില്‍ ലൈറ്റുകള്‍ തെളിയിച്ച് അതിമനോഹരമായി അലങ്കരിച്ചു.തിങ്കളാഴ്ച വൈകിട്ടാണ് ഇത് പ്രവര്‍ത്തനക്ഷമമാക്കിയത്.
45 മീറ്റര്‍ ഉയരവും ഏകദേശം 40 ടണ്‍ ഭാരവും ഇതിനുണ്ട്.1,200 നോര്‍വേ സ്പ്രൂസ് മരങ്ങള്‍ സംയോജിപ്പിച്ചാണ് ഈ കൂറ്റന്‍ ട്രീ നിര്‍മിച്ചിരിക്കുന്നത്.138,000 എല്‍ഇഡി ലൈറ്റുകള്‍ ട്രീയെ പ്രകാശമാനമാക്കുന്നു.ഏറ്റവും മുകളിലുള്ള മാലാഖയുടെ ഉയരം മാത്രം നാല് മീറ്ററാണ്, ഇത് വീടുകളിലെ സാധാരണ ക്രിസ്മസ് മരങ്ങളേക്കാള്‍ ഉയരമുള്ളതാണ്. ഏകദേശം നാല് ആഴ്ചയെടുത്താണ് ക്രിസ്മസ് ട്രീ നിര്‍മിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ വിമര്‍ശനങ്ങളെ തുടര്‍ന്ന് ഇത്തവണ ചില ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.ട്രീയുടെ ചുവട്ടിലായി വലിയ ചുവന്ന മെഴുകുതിരികള്‍ കൂട്ടിച്ചേര്‍ത്തു,അതോടൊപ്പം ചലിക്കുന്ന ചിറകുകളോടു കൂടിയ മാലാഖയെ പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

