കണ്ണൂര്‍: ബിഹൈന്‍ഡ് ദി കര്‍ട്ടന്‍ തിയേറ്റര്‍ ഗ്രൂപ്പ് കണ്ണൂരിന്റെ പത്താമത് സംസ്ഥാനതല പുരസ്‌കാരത്തിന് ഗിരീഷ് അവണൂര്‍ അര്‍ഹനായി. വിദേശ നാടുകളിലും പ്രവാസ മേഖലകളിലും മലയാള നാടകത്തെ പരിചയപ്പെടുത്തുന്നതിനും പരിപോഷിപ്പിക്കുന്നവര്‍ക്കുമായി ഏര്‍പ്പെടുത്തിയ പ്രവാസി മേഖലാ നാടക പുരസ്‌കാരത്തിനാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ 11 വര്‍ഷമായി ഓസ്ട്രേലിയയിലെ മെല്‍ബണ്‍ കേന്ദ്രീകരിച്ച് നാടകാഭിനയം, സംവിധാനം, നാടകോത്സവങ്ങളുടെ സംഘാടനം എന്നീ മേഖലകളില്‍ സജീവ സാന്നിധ്യമാണ് ഗിരീഷ്. കേരളത്തില്‍ നിന്നുള്ള മലയാള നാടക സംഘങ്ങളെയും അവതരണങ്ങളെയും ആദ്യമായി ഓസ്ട്രേലിയയില്‍ എത്തിക്കുന്നതിലും, അവിടെ ആദ്യത്തെ മലയാള നാടകോത്സവം സംഘടിപ്പിക്കുന്നതിലും അദ്ദേഹം മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂണില്‍ മെല്‍ബണില്‍ നടന്ന ജനകീയ നാടകോത്സവത്തില്‍ കെപ്റ്റയുടെ (KEPTA) ബാനറില്‍ എന്‍. പ്രഭാകരന്റെ ‘പുലിജന്മം’ എന്ന നാടകം മുപ്പതോളം കലാകാരന്മാരെ അണിനിരത്തി അദ്ദേഹം സംവിധാനം ചെയ്തിരുന്നു. കൂടാതെ, ഓസ്ട്രേലിയയില്‍ വിവിധയിടങ്ങളിലായി ഏഴോളം വേദികളില്‍ അവതരിപ്പിച്ച ‘അതെന്താ?’ എന്ന മൈക്രോ ഡ്രാമയുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുകയും അതില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുകയും ചെയ്തു. ഓസ്ട്രേലിയന്‍ മലയാളി സാഹിത്യോത്സവത്തില്‍ (AMLF) റീഡിംഗ് തിയേറ്റര്‍ എന്ന ആശയത്തിലൂന്നി അവതരിപ്പിച്ച റേഡിയോ നാടകവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
2026 ഫെബ്രുവരി അവസാന വാരം കണ്ണൂരില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സിനിമാ താരം രോഹിണി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. കണ്ണൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ ടി.പി. സുനില്‍കുമാര്‍, നടന്‍ ഉണ്ണിരാജ്, സംഗീത സംവിധായകന്‍ വിനോദ് ചെറുകുന്ന്, വി.വി. മോഹനന്‍, ബിജു ഇരിണാവ് എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്

