പെർത്ത്: പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ പെർത്തിൽ തെരുവുനായയുടെ ആക്രമണത്തിൽ പത്ത് വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. പെർത്തിന്റെ വടക്കൻ പ്രാന്തപ്രദേശമായ ഹിലാരിസിൽ കഴിഞ്ഞ ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ആക്രമണത്തിൽ പെൺകുട്ടിയുടെ മുഖത്തിന് സാരമായ പരിക്കേറ്റതായാണ് വിവരം.
സംഭവം നടന്ന ഉടൻ തന്നെ എമർജൻസി സർവീസുകൾ സ്ഥലത്തെത്തുകയും വൈകുന്നേരം 3:40-ഓടെ പെൺകുട്ടിയെ പെർത്ത് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കുട്ടിയുടെ പരിക്ക് ഗുരുതരമാണെങ്കിലും നിലവിൽ ജീവന് ഭീഷണിയില്ലെന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയൻ ആംബുലൻസ് വക്താവ് അറിയിച്ചു. തുടക്കത്തിൽ പോലീസും സ്ഥലത്തെത്തിയിരുന്നെങ്കിലും കുട്ടിക്ക് വൈദ്യസഹായം ലഭ്യമാക്കിയ സാഹചര്യത്തിൽ പോലീസ് സാന്നിധ്യം ആവശ്യമില്ലെന്ന് കണ്ട് മടങ്ങുകയായിരുന്നു.
സംഭവത്തെ തുടർന്ന് ജനങ്ങളുടെ സുരക്ഷ മുൻനിർത്തി അക്രമാസക്തനായ നായയെ നഗരസഭ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. നായയുടെ ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും സംഭവത്തിൽ അടിയന്തര അന്വേഷണം ആരംഭിച്ചതായും ജോണ്ടലപ്പ് മേയർ ഡാനിയൽ കിംഗ്സ്റ്റൺ പറഞ്ഞു. സംഭവത്തിന് സാക്ഷികളായവർ ഉണ്ടെങ്കിൽ 9400 4000 എന്ന നമ്പറിൽ നഗരസഭാ ഉദ്യോഗസ്ഥരെ വിവരമറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

