കൊച്ചി: സ്ത്രീധനം നല്‍കുന്നതും കുറ്റമായി കണക്കാക്കുന്ന സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് ഒഴിവാക്കണമെന്ന ശിപാര്‍ശ കേരള നിയമ പരിഷ്കരണ കമ്മീഷന് സമര്‍പ്പിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
സ്ത്രീധനത്തെ വരനോ വരന്റെ കുടുംബമോ ആവശ്യപ്പെടുന്ന സ്വത്തോ സെക്യൂരിറ്റിയോ ആയി കാണണമെന്നും ഇതാവശ്യപ്പെടുന്നത് കുറ്റകരമാക്കണമെന്നുമാണ് ശുപാർശയില്‍ പറയുന്നത്.
സ്ത്രീധനം നല്‍കുന്നതിനെ കുറ്റമായി കണക്കാക്കുന്നത് സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കാതെയാണെന്നടക്കം ചൂണ്ടിക്കാട്ടി. എറണാകുളം സ്വദേശിനിയായ ടെല്‍മി ജോളി നല്കിയ ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
വിഷയം വീണ്ടും പരിഗണിക്കുന്ന ഫെബ്രുവരി 11നകം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി.

