ന്യൂഡൽഹി: 2026ൽ ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി രാജ്യങ്ങൾ തമ്മിലുള്ള ഭൗമ-സാമ്പത്തിക (Geoeconomic) സംഘർഷങ്ങളായിരിക്കുമെന്ന് വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ (WEF) പഠന റിപ്പോർട്ട്. എന്നാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം സൈബർ സുരക്ഷാ വീഴ്ചകളാണ് ഏറ്റവും വലിയ ഭീഷണിയെന്നും കഴിഞ്ഞ ബുധനാഴ്ച പുറത്തുവിട്ട വാർഷിക “ഗ്ലോബൽ റിസ്ക് റിപ്പോർട്ടിൽ’’ വ്യക്തമാക്കുന്നു.
ഡാവോസിൽ നടക്കാനിരിക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വാർഷിക സമ്മേളനത്തിന് മുന്നോടിയായാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എട്ട് സ്ഥാനങ്ങൾ കയറിയാണ് ഭൗമ-സാമ്പത്തിക സംഘർഷങ്ങൾ ആഗോള തലത്തിൽ ഒന്നാം സ്ഥാനത്തെത്തിയത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് (Misinformation), സമൂഹത്തിലെ ധ്രുവീകരണം, അതിരൂക്ഷമായ കാലാവസ്ഥാ വ്യതിയാനം, രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ എന്നിവയാണ് തൊട്ടുപിന്നാലെയുള്ള മറ്റ് പ്രധാന ഭീഷണികൾ.
അതേസമയം, ബാങ്കിംഗ് മേഖലയെ കൂടുതൽ കരുത്തുറ്റതാക്കാൻ ഇന്ത്യ നടപ്പാക്കിയ ‘യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്’’ (UPI) മാതൃകാപരമായ നീക്കമാണെന്നും റിപ്പോർട്ടിൽ പ്രശംസയുണ്ട്. ഭാവിയിലെ സാമ്പത്തിക പ്രതിസന്ധികളെ നേരിടാൻ മറ്റ് രാജ്യങ്ങൾക്ക് ഇത് പിന്തുടരാവുന്നതാണ്.
നിർമിത ബുദ്ധി (AI) ഉപയോഗിച്ച് നിർമിക്കുന്ന വ്യാജ വീഡിയോകളും (Deepfakes) ഓഡിയോകളും ജനാധിപത്യ പ്രക്രിയകളെയും തെരഞ്ഞെടുപ്പുകളെയും അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യ, അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ഇത്തരം വ്യാജ പ്രചാരണങ്ങൾ വലിയ വെല്ലുവിളി ഉയർത്തിയിരുന്നു.
അടുത്ത പത്ത് വർഷത്തെ കണക്കെടുത്താൽ കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യ നാശവുമാണ് ലോകത്തെ കാത്തിരിക്കുന്ന ഏറ്റവും വലിയ വിപത്ത്. ജലസുരക്ഷയെ ചൊല്ലി രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ വർധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോകമെമ്പാടുമുള്ള 1,300ലധികം വിദഗ്ധരുടെയും നേതാക്കളുടെയും അഭിപ്രായങ്ങൾ ക്രോഡീകരിച്ചാണ് ഈ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

