ഗോൾഡ് കോസ്റ്റ്: ലോകത്ത് തന്നെ വളരെ കുറച്ച് കുട്ടികളിൽ മാത്രം കണ്ടുവരുന്ന അതീവ ഗുരുതരമായ അർബുദ ബാധയെത്തുടർന്ന് 20 മാസം പ്രായമുള്ള ഗോൾഡി എന്ന പെൺകുട്ടി ജീവിതത്തോട് മല്ലിടുന്നു. ഓസ്‌ട്രേലിയയിൽ നിലവിൽ ലഭ്യമല്ലാത്ത പ്രത്യേക ചികിത്സയ്ക്കായി ഗോൾഡിയെ അടിയന്തരമായി വിദേശത്തേക്ക് എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് കുടുംബം.
‘ഗോൾഡൻ ബീൻ’ എന്ന് വീട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന ഗോൾഡിയുടെ ആരോഗ്യനില മാസങ്ങൾക്ക് മുൻപാണ് വഷളായി തുടങ്ങിയത്. നടത്തം പഠിച്ചു തുടങ്ങിയ കുട്ടി പെട്ടെന്ന് തളർന്നു വീഴുന്നതും ചലനശേഷി കുറയുന്നതും ശ്രദ്ധയിൽപ്പെട്ട കുടുംബം വിദഗ്ധ പരിശോധനയ്ക്കായി പലതവണ അധികൃതരെ സമീപിച്ചിരുന്നു. എന്നാൽ മാസങ്ങൾ വൈകി നടത്തിയ സ്കാനിംഗിലാണ് ഗോൾഡിയുടെ നട്ടെല്ലിലെ ഞരമ്പുകളെ അമർത്തുന്ന രീതിയിലുള്ള വലിയൊരു ട്യൂമർ കണ്ടെത്തിയത്.
രണ്ടാം ജന്മദിനത്തിന് മുൻപേ ‘എക്സ്ട്രാ ക്രേനിയൽ മാലിഗ്നന്റ് റാബ്ഡോയിഡ് ട്യൂമർ’ എന്ന അതീവ ഗുരുതരമായ രോഗാവസ്ഥയാണ് കുട്ടിക്കെന്ന് സ്ഥിരീകരിച്ചു. തുടർന്ന് അടിയന്തര നട്ടെല്ല് ശസ്ത്രക്രിയയ്ക്കും നാല് റൗണ്ട് കീമോതെറാപ്പിക്കും ഗോൾഡി വിധേയയായി.
നിലവിൽ കുട്ടിക്ക് അടിയന്തരമായി റേഡിയേഷൻ ചികിത്സ ആവശ്യമാണ്. എന്നാൽ 20 മാസം മാത്രം പ്രായമുള്ള കുട്ടിയിൽ സാധാരണ റേഡിയേഷൻ നടത്തുന്നത് വളർച്ചയെയും ആന്തരിക അവയവങ്ങളെയും സാരമായി ബാധിക്കുമെന്നതിനാൽ, കൂടുതൽ സുരക്ഷിതമായ ‘പ്രോട്ടോൺ തെറാപ്പി’ (Proton therapy) നൽകണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. ഓസ്‌ട്രേലിയയിൽ നിലവിൽ ഈ ചികിത്സാ സൗകര്യം ലഭ്യമല്ല. സിംഗപ്പൂരിൽ അടുത്ത മാസം ഈ ചികിത്സ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് കുടുംബം.
രോഗം അതീവ അപൂർവ്വമായതിനാൽ വിദേശത്തെ ചികിത്സയ്ക്കു വേണ്ടിയുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ വൈകുന്നതായി ഗോൾഡിയുടെ മാതാവും മുൻ ജില്ലാറൂ താരവുമായ മാഡിസൺ ബെനറ്റ് പറഞ്ഞു. ചികിത്സാ ചെലവിനും വിദേശയാത്രയ്ക്കുമായി ഒരു ധനസമാഹരണ പേജും കുടുംബം ആരംഭിച്ചിട്ടുണ്ട്. തങ്ങളുടെ മകൾ ഒരു പോരാളിയാണെന്നും അവൾക്ക് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച ചികിത്സ നൽകാനാണ് ശ്രമിക്കുന്നതെന്നും മാഡിസൺ കൂട്ടിച്ചേർത്തു.

