രാജസ്ഥാനിലെ ഗോള്‍ഡ് മാന് ഗുണ്ടാ സംഘത്തിന്റെ ഭീഷണി. സദാ മൂന്നര കിലോ സ്വര്‍ണത്തിന്റെ ആഭരണങ്ങള്‍ അണിഞ്ഞു മാത്രം പുറത്തിറങ്ങുന്ന രാജസ്ഥാന്‍ ചിത്തോര്‍ഗഡിലെ വ്യവസായിയായ കന്‍ഹയ്യാലാലിനെയാണ് നാട്ടുകാര്‍ ഗോള്‍ഡ് മാന്‍ എന്നു വിളിക്കുന്നത്. ഇത്രയും സ്വര്‍ണം അണിഞ്ഞു പുറത്തിറങ്ങണമെങ്കില്‍ അഞ്ചു കോടി രൂപ നല്‍കണമെന്നാണ് രോഹിത് ഗോദാര എന്ന ഗുണ്ടാ തലവന്റെയാണെന്നു പറയുന്ന നമ്പരില്‍ നിന്നു ഭീഷണി ഉയര്‍ന്നിരിക്കുന്നത്. മിസ്ഡ് വാട്‌സാപ്പ് കോളിലൂടെയായിരുന്നു തുക ആവശ്യപ്പെട്ടത്. ഭീഷണിയെ തുടര്‍ന്ന് കന്‍ഹയ്യ ലാല്‍ ഖട്ടിക് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒന്നുമില്ലായ്മയില്‍ നിന്നു കോടീശ്വരനായ കഥയാണ് കന്‍ഹയ്യ ലാലിന്റേത്. ഇരുപത്തഞ്ചു വര്‍ഷം മുമ്പ് ചിത്തോര്‍ഗഡില്‍ ഉന്തുവണ്ടിയില്‍ പഴങ്ങള്‍ കൊണ്ടു നടന്നു വിറ്റിരുന്നയാളാണ് ലാല്‍. പിന്നീട് കാശ്മീരില്‍ നിന്ന് ആപ്പിളുകള്‍ മൊത്തമായി വാങ്ങിക്കൊണ്ടുവന്ന് വില്‍പന ആരംഭിച്ചതോടെയാണ് പണക്കാരനായത്. ചെറുപ്പം മുതല്‍ സ്വര്‍ണത്തോട് അമിതമായ താല്‍പര്യമുണ്ടായിരുന്ന ലാല്‍ പണം കൈവന്നപ്പോള്‍ സ്വര്‍ണം വാങ്ങിക്കൂട്ടാനും ധരിച്ചുകൊണ്ട് പരസ്യമായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാനും ആരംഭിക്കുകയായിരുന്നു. കഴുത്തിലും കൈത്തണ്ടയിലും വിരലുകളിലുമായി ഏകദേശം നാലുകോടിയില്‍ പരം രൂപയുടെ സ്വര്‍ണമാണ് അദ്ദേഹം സ്ഥിരം ധരിക്കുന്നത്.

