കൊച്ചി: സംസ്ഥാനത്ത് റിക്കാർഡുകൾ തകർത്തു മുന്നേറുന്ന സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 13,500 രൂപയിലും പവന് 1,08,000 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 75 രൂപ വര്‍ധിച്ച് 11,095 രൂപയും 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ വര്‍ധിച്ച് 8,640 രൂപയുമായി. ഒമ്പതു കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,575 രൂപയിലാണ് വില്പന നടക്കുന്നത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,680 ഡോളറിലെത്തി.
വെള്ളി വിലയും കുതിക്കുകയാണ്. വെള്ളിയുടെ അന്താരാഷ്ട്ര വില ട്രോയ് ഔണ്‍സിന് 94 ഡോളറിലേക്കാണ് കുതിച്ചെത്തിയിട്ടുള്ളത്. ഒരു ഗ്രാം വെള്ളിക്ക് 315 രൂപയും 10 ഗ്രാമിന് 3,150 രൂപയുമാണ് വിപണി വില.
സ്വര്‍ണത്തിന്റേയും വെള്ളിയുടെയും വിലപരിധി നിശ്ചയിക്കാന്‍ കഴിയാത്ത രീതിയിലുള്ള കുതിപ്പാണ് തുടരുന്നത്. ഇപ്പോഴത്തെ നിലത്തുടര്‍ന്നാല്‍ ഒരു മാസത്തിനുള്ളില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4800 ഡോളറിലേക്കും വെള്ളി വില ട്രോയ് ഔണ്‍സിന് 110 ഡോളറിലേക്കും കുതിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.

