ശബരിമലയില്‍ സ്വര്‍ണക്കൊള്ള കേസ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഇഡി നടപടി തുടങ്ങി

തിരുവനന്തപുരം : ശബരിമലയില്‍ സ്വര്‍ണക്കൊള്ള കേസില്‍ കൂടുതല്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഇഡി നടപടി തുടങ്ങി. എന്‍ വാസു, മുരാരി ബാബു എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടാനുള്ള നടപടി തുടങ്ങി. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായി എ പത്മകുമാറിന്റെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടും. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണത്തിന്റെ മൂല്യത്തിന് തത്തുല്യമായ തുകയ്ക്ക് ആനുപാതികമായാവും സ്വത്തുക്കള്‍ കണ്ടുകെട്ടുക.കേസിലെ വിവിധ പ്രതികളുടെ 1.3 കോടി രൂപ മൂല്യം വരുന്ന 8 സ്ഥാവര സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ച് കഴിഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ സംസ്ഥാന വ്യപകമായി ഇഡി നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഇഡിയുടെ സുപ്രധാന നടപടി.

ചെന്നൈ സ്മാര്‍ട് ക്രിയേഷനില്‍ നിന്ന് 100 ഗ്രാം സ്വര്‍ണവും കണ്ടെത്തിയതായി ഇഡി ഇന്നലെ വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ പരിശോധനയില്‍ 2019 മുതല്‍ 2024 വരെയുള്ള സ്വര്‍ണക്കൊള്ളയുടെ വിവിധ രേഖകളും മിനുറ്റ്‌സും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. സ്വര്‍ണം ചെമ്പാക്കി മാറ്റിയ സുപ്രധാന ഫയലുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദേവസ്വം ജീവനക്കാരുടെ അനധികൃത സാമ്പത്തിക ഇടപാടില്‍ സുപ്രധാന രേഖകള്‍ ലഭിച്ചെന്നും ഇവയെല്ലാം സൂക്ഷ്മ പരിശോധനയിലാണെന്നും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

21 കേന്ദ്രങ്ങളിലാണ് ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോ എന്ന പേരില്‍ ഇഡി വ്യാപ റെയ്ഡ് നടത്തിയത്. കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും പരിശോധന ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *