അബുദാബി: യുഎഇയിലെ ക്രിയേറ്റർമാരുടെ ഹബ്ബായ ക്രിയേറ്റേഴ്‌സ് എച്ച് ക്യൂ ആണ് ഫണ്ട് നൽകുന്നത്. മോണിറ്റൈസേഷൻ പ്ളാറ്റ്‌ഫോമായ അൽഫാനുമായുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
സമൂഹമാദ്ധ്യമങ്ങളിൽ കുടുംബം, സാമൂഹിക വിഷയങ്ങൾ എന്നിവ സംബന്ധിച്ച് കണ്ടന്റുകൾ നിർമിക്കുന്നവർക്ക് അഞ്ച് മില്യൺ ദിർഹം (12 കോടിയോളം രൂപ) ഫണ്ട് നൽകുന്നു. സാമൂഹിക വിഷയങ്ങളിൽ വൈദഗ്ദ്ധ്യമുള്ള കണ്ടന്റ് ക്രിയേറ്റർമാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് കമ്പനി പദ്ധതി നടപ്പിലാക്കുക. കുടുംബ ഐക്യത്തെ പിന്തുണയ്ക്കുകയും നല്ല സാമൂഹിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഉയർന്ന നിലവാരമുള്ള സൃഷ്ടികൾ നിർമ്മിക്കുന്നതിനായി ധനസഹായം നൽകുന്നതും സംരംഭത്തിന്റെ ലക്ഷ്യമാണ്. ഇന്നലെ സമാപിച്ച ‘1 ബില്യൺ ഫോളോവേഴ്‌സ്’ ഉച്ചകോടിയിൽ ഒപ്പുവച്ച പങ്കാളിത്ത കരാറിലാണ് ഫണ്ടിന്റെ പ്രഖ്യാപനം നടന്നത്.
പദ്ധതിയുടെ ഭാഗമായി കണ്ടന്റ് ക്രിയേറ്റർമാർക്ക് കണ്ടന്റ് ക്രിയേഷൻ, മോണിറ്റൈസേഷൻ തുടങ്ങിയവയിൽ ക്രിയേറ്റേഴ്‌സ് എച്ച് ക്യു, അൽഫാൻ എന്നിരുടെ സഹായത്തോടെ പരിശീലനം ലഭിക്കും. കൂടാതെ, അൽഫാന്റെ മോണിറ്റൈസേഷൻ പ്ളാറ്റ്‌ഫോമായ alfan.ioയിൽ കണ്ടന്റ് ക്രിയേറ്റർമാർക്ക് പ്രവേശനം ലഭ്യമാകും. ഇതിലൂടെ ഡിജിറ്റൽ ഷോപ്പുകൾ തുറക്കാനും ബ്രാൻഡുകളുമായി കൊളാബൊറേറ്റ് ചെയ്യാനും സാധിക്കും. മാത്രമല്ല, ഷൂട്ട് ചെയ്യുന്നതിനായി അത്യാധുനിക ഫീച്ചറുകളുള്ള ഉപകരണങ്ങൾ, നിർമാണ സൗകര്യങ്ങൾ എന്നിവയും നൽകും. ഇത്തരത്തിൽ അധികവരുമാനം നേടാനും ക്രിയേറ്റർമാർക്ക് സാധിക്കും. കൂടാതെ വിദേശികളായ കണ്ടന്റ് ക്രിയേറ്റർമാർക്ക് യുഎഇയിൽ താമസമാക്കാനുള്ള സൗകര്യങ്ങളും ലഭ്യമാകുന്നു.

