ദുഃഖ വെള്ളി — ഒടുങ്ങാത്ത സ്നേഹത്തിന്റെ ഭാഷ

ഒരു ചോദ്യം ഉണ്ട്, മനുഷ്യൻ ആദ്യമായി ദുഃഖിക്കുന്ന നിമിഷം മുതൽ ഉള്ളിൽ കൊണ്ടു നടക്കുന്ന ഒരു ചോദ്യം — എന്തിനാണ് ഇങ്ങനെ സംഭവിക്കുന്നത്?

ഉത്തരം ലഭിക്കാറില്ല. പക്ഷേ ആ ചോദ്യം തന്നെ ഒരു കവാടമാണ്.

ഗോൽഗോഥ എന്ന വാക്കിന്റെ അർഥം ‘തലയോട്ടിയുടെ സ്ഥലം’ എന്നാണ്. ജറൂസലേമിന് പുറത്ത്, ഒരു ചെറിയ കുന്ന്, ഒരു ജനക്കൂട്ടം, മൂന്ന് കുരിശുകൾ. ഒരു ദിവസം — ചരിത്രം ആ ദിവസത്തെ ‘ദുഃഖ വെള്ളി’ എന്നു വിളിക്കാൻ തീരുമാനിച്ചു. Good Friday എന്നും. ദുഃഖവും നന്മയും ഒരേ ദിനത്തിൽ — ഈ വൈരുദ്ധ്യം യാദൃശ്ചികമല്ല.

ആ കുന്നിൻ മുകളിൽ ആണിയടിക്കപ്പെട്ട കൈകൾ ഒരിക്കൽ അഭയം കൊടുത്ത കൈകളായിരുന്നു. ഇടിഞ്ഞ ശ്വാസം ഒരിക്കൽ ജ്ഞാനം ഉച്ചരിച്ച ശ്വാസമായിരുന്നു. “ഇതാ മനുഷ്യൻ” എന്ന് പിലാത്തോസ് ആ ജനക്കൂട്ടത്തോടു പറഞ്ഞു — അറിയാതെ അയാൾ ഒരു സത്യം ഉച്ചരിക്കുകയായിരുന്നു.

ഇതാ മനുഷ്യൻ — ദുഃഖം അനുഭവിക്കുന്ന, ഒറ്റപ്പെടൽ അറിയുന്ന, ചോദ്യങ്ങൾ ഉള്ളിൽ കൊണ്ടു നടക്കുന്ന, ഒടുവിൽ ഒരു ഇരുട്ടിലേക്ക് ഇറങ്ങിപ്പോകുന്ന ഓരോ മനുഷ്യൻ.

ദുഃഖം നമ്മെ തകർക്കുന്നു എന്നാണ് നാം ഭയക്കുന്നത്. യഥാർഥത്തിൽ ദുഃഖം ചെയ്യുന്നത് മറ്റൊന്നാണ് — അത് നമ്മെ പൊളിക്കുന്നു. നാം ചിട്ടപ്പടി നിർമ്മിച്ചുവെച്ച ഭിത്തികൾ, നാം ശ്രദ്ധാപൂർവ്വം അണിഞ്ഞ മുഖംമൂടികൾ, നാം ഏറ്റുവാങ്ങിയ ആത്മവഞ്ചനകൾ — ഇവ ഒക്കെ ദുഃഖത്തിന്റെ ചൂടിൽ ഉരുകിത്തീരുന്നു. അതിനുശേഷം ശേഷിക്കുന്നത് എന്താണ്? ഒരു നഗ്നമായ ഹൃദയം. ഒരു ശുദ്ധമായ ഉൾക്കണ്ണ്.

ദുഃഖിക്കുന്ന മനുഷ്യൻ ആദ്യമായി മനസ്സിലാക്കുന്ന കാര്യം ഇതാണ് — ഞാൻ ഒറ്റയ്ക്കല്ല. മറ്റൊരു ഹൃദയവും ഇതേ ഭാരം ചുമന്നിട്ടുണ്ട് എന്ന തിരിച്ചറിവ് ഒരു നിശ്ശബ്ദ ആശ്വാസം ആണ്. ദുഃഖം ഒരു ഭാഷ ആണ് — ആ ഭാഷ അറിയുന്നവർക്ക് മാത്രം മനസ്സിലാകുന്ന, അർഥം തിരയേണ്ടാത്ത ഒരു ഭാഷ.

“Eli, Eli, lama sabachthani” ദൈവപുത്രൻ ദൈവത്തോട് ഉച്ചത്തിൽ ചോദിക്കുന്നു, നീ എന്നെ ഉപേക്ഷിച്ചതെന്ത്?

ഈ ചോദ്യം ദൗർബ്ബല്യമല്ല. ഇത് ഏറ്റവും ആഴമേറിയ മാനവികതയുടെ ആവിഷ്കാരമാണ്. ദൈവം തന്നെ ദൈവത്തെ തേടി നിലവിളിക്കുന്ന ഒരു നിമിഷം — ഇതിൽ ഒളിഞ്ഞിരിക്കുന്ന ദൈവശാസ്ത്രം ഗ്രന്ഥങ്ങളിൽ ഉള്ളതല്ല, അത് ജീവിതം നേരിട്ടു പഠിപ്പിക്കുന്ന ദൈവശാസ്ത്രമാണ്.

ചോദ്യം ചോദിക്കുക. ദൈവത്തോടു ശബ്ദമുയർത്തുക. ദൈവം ആ ശബ്ദം ഭയപ്പെടുന്നില്ല. കാരണം, ദൈവം തന്നെ ആ ശബ്ദം ഉരുവിട്ടിട്ടുണ്ട്.

ദുഃഖ വെള്ളി ദുഃഖം കൊണ്ടല്ല അർഥം ആകുന്നത്. അത് ദുഃഖത്തിന്റെ അഭിമുഖീകരണം കൊണ്ടാണ് അർഥം ആകുന്നത്. ഓടിപ്പോകാതിരിക്കുക, തളർന്നുവീഴാതിരിക്കുക, ദുഃഖത്തെ ദുഃഖമെന്ന് വിളിക്കുക, ഒടുവിൽ ഈ ഇരുളും ഒരു ദൗത്യം ഏറ്റെടുത്ത് വന്നിരിക്കുകയാണെന്ന് വിശ്വസിക്കുക — ഇതാണ് ദുഃഖ വെള്ളിയുടെ ജ്ഞാനം.

ഓരോ കുരിശും ഒരു ചോദ്യചിഹ്നം ആണ്. ഈസ്റ്റർ അതിന് ഉത്തരം നൽകുന്നു. പക്ഷേ ആ ഉത്തരം ലഭിക്കണമെങ്കിൽ ചോദ്യചിഹ്നത്തിന്റെ ഭാരം ഒരുദിവസം ചുമക്കണം.

ദുഃഖ വെള്ളി ആ ഒരൊറ്റ ദിവസമാണ്.

ഇന്ന്, ഇരുളിൽ നിൽക്കുക. നാളെ, വെളിച്ചം അത്ഭുതമായി തോന്നും.

സിജു ജേക്കബ്

Leave a Reply

Your email address will not be published. Required fields are marked *