തിരുവനന്തപുരം: ഗൂഗിൾ പേ (Google Pay) വഴി കുട്ടികൾക്ക് പോക്കറ്റ് മണി നൽകാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ചു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം സന്ദേശങ്ങൾ വഴി വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പുകൾക്ക് സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു.
ഗൂഗിൾ പേയിൽ പുതിയതായി ‘പോക്കറ്റ് മണി’ ഫീച്ചർ വന്നുവെന്നും, നിശ്ചിത ലിങ്കിൽ ക്ലിക്ക് ചെയ്താൽ പണം ലഭിക്കുമെന്നുമാണ് പ്രചാരണം. വാട്സ്ആപ്പ് വഴിയാണ് പ്രധാനമായും ഈ സന്ദേശം പടരുന്നത്.സന്ദേശത്തോടൊപ്പം നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും യുപിഐ പിന്നും (UPI PIN) കൈക്കലാക്കുന്ന രീതിയിലാണ് തട്ടിപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോണിലെ വിവരങ്ങൾ ഹാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്
ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽ ഇല്ലാത്ത ഫീച്ചറുകളെക്കുറിച്ചുള്ള ഇത്തരം സന്ദേശങ്ങളിൽ വീഴരുത്. ഗൂഗിൾ പേ ഇതുവരെ ഇത്തരമൊരു ഫീച്ചർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ബാങ്ക് വിവരങ്ങൾ കൈമാറുകയോ ചെയ്യരുത്. പണം ലഭിക്കാൻ യുപിഐ പിൻ അടിക്കേണ്ടതില്ലെന്ന പ്രാഥമിക കാര്യം ഉപയോക്താക്കൾ ഓർക്കണമെന്നും നിർദ്ദേശമുണ്ട്.സൈബർ തട്ടിപ്പുകാർ പുതിയ തന്ത്രങ്ങളുമായി രംഗത്തിറങ്ങുന്ന പശ്ചാത്തലത്തിൽ, ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങൾ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യരുതെന്നും ഇത്തരം ലിങ്കുകൾ ശ്രദ്ധയിൽപ്പെട്ടാൽ സൈബർ പോലീസിനെ വിവരമറിയിക്കണമെന്നും അധികൃതർ അറിയിച്ചു.

