ചെന്നൈ: ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് മൃഗസംരക്ഷണ വകുപ്പിൽ ജോലി നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. അളങ്കാനല്ലൂരിൽ ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
അളങ്കാനല്ലൂരിൽ ജല്ലിക്കെട്ട് കാളകൾക്കായി പ്രത്യേക ചികിത്സാ കേന്ദ്രം ആരംഭിയ്ക്കുമെന്നും ഇതിനായി രണ്ട് കോടി രൂപ അനുവദിച്ചെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാടിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്ന യുവാക്കളുടെ ധീരതയെ ആദരിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
ഈ വർഷത്തെ അളങ്കാനല്ലൂർ ജെല്ലിക്കട്ടിൽ ഏകദേശം 1,100 കാളകളും ഏകദേശം 600 കാളപ്പോരാളികളുമാണ് പങ്കെടുക്കുന്നത്. പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും വൈദഗ്ധ്യത്തെയും ധൈര്യത്തെയും ആദരിക്കുന്നതിനുമായി സംഘാടകർ ആകർഷകമായ സമ്മാനങ്ങൾ പ്രഖ്യാപിച്ചിരുന്നു.
ഏറ്റവും കൂടുതൽ കാളകളെ മെരുക്കുന്നയാൾക്ക് ഒരു കാർ സമ്മാനമായി നൽകും. ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കാളയുടെ ഉടമയ്ക്ക് ഒരു ട്രാക്ടർ സമ്മാനമായി നൽകും. രണ്ടാം സമ്മാനമായി ഒരു മോട്ടോർ സൈക്കിളും പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ, പങ്കെടുക്കുന്നവർക്ക് സൈക്കിളുകൾ, കട്ടിൽ, മെത്ത, പ്ലാസ്റ്റിക് കസേരകൾ, സ്വർണ നാണയങ്ങൾ എന്നിവയുൾപ്പെടെ നിരവധി സമ്മാനങ്ങളും നൽകും.

