അഡ്ലെയ്ഡ്: പുതുവത്സര രാവില്‍ സൗത്ത് ഓസ്ട്രേലിയയിലുണ്ടായ വാഹനാപകടത്തില്‍ 18-കാരനായ വിദ്യാര്‍ത്ഥിയും 71 വയസ്സുള്ള മുത്തശ്ശിയുമാണ് മരിച്ചത്.പഠനത്തിനായി ഒരു മാസം മുന്‍പ് മാത്രം ഓസ്ട്രേലിയയില്‍ എത്തിയ എഡ്സണ് ഡയോനിഡ സാല്സ്ബറി നോര്‍ത്ത് സ്വദേശിനി ഫേ ഡെസുയോ പാന്റില്‍ എന്നിവരാണ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചത്.
ടാര്ലിക്ക് സമീപം ഹോറോക്സ് ഹൈവേയില്‍ വാന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഡിസംബര്‍ 31 അര്‍ദ്ധരാത്രിക്ക് തൊട്ടുമുമ്പായിരുന്നു അപകടം. എട്ടുപേര്‍ സഞ്ചരിച്ച ടൊയോട്ട ടരാഗോ വാന്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ക്ലെയര്‍ എന്ന സ്ഥലത്തേക്ക് പോവുകയായിരുന്നു ഇവര്‍.52-കാരനായ ഡ്രൈവര്‍ ഉള്‍പ്പെടെ വാനിലുണ്ടായിരുന്ന മറ്റ് ആറുപേരെ പരിക്കുകളോടെ റോയല്‍ അഡ്ലെയ്ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

