കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കി ഗ്രീസും; പുതിയ നിയമം 2027 മുതൽ

ഏഥൻസ്: ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് കർശന വിലക്കേർപ്പെടുത്താൻ ഒരുങ്ങി ഗ്രീസ്. കുട്ടികളിലെ മാനസികാരോഗ്യ പ്രശ്നങ്ങളും ഉറക്കമില്ലായ്മയും സോഷ്യൽ മീഡിയയോടുള്ള അമിതമായ ആസക്തിയും കണക്കിലെടുത്താണ് ഈ നിർണ്ണായക തീരുമാനമെന്ന് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാക്കിസ് അറിയിച്ചു.

2027 ജനുവരി 1 മുതലാണ് ഗ്രീസിൽ ഈ സോഷ്യൽ മീഡിയ വിലക്ക് നടപ്പിലാക്കുക. ഇത് സംബന്ധിച്ച ഔദ്യോഗിക നിയമനിർമ്മാണം 2026 പകുതിയോടെ പൂർത്തിയാകും.കുട്ടികളിൽ വർദ്ധിച്ചുവരുന്ന ഉത്കണ്ഠ (Anxiety), ഉറക്കക്കുറവ്, പ്ലാറ്റ്‌ഫോമുകളുടെ അഡിക്റ്റീവ് ഡിസൈൻ എന്നിവയെക്കുറിച്ച് മാതാപിതാക്കൾ ആശങ്ക പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് നടപടി.

‘എൻഡ്‌ലെസ്സ് സ്ക്രോളിംഗ്’ (Endless scrolling) സൗകര്യമുള്ള ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക്, സ്നാപ്ചാറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്കാണ് പ്രധാനമായും നിയന്ത്രണം വരുന്നത്. എന്നാൽ വാട്‌സ്ആപ്പ്, വൈബർ തുടങ്ങിയ മെസ്സേജിംഗ് ആപ്പുകൾക്കും യൂട്യൂബിനും നിലവിൽ ഈ വിലക്ക് ബാധകമല്ല.സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോക്താക്കളുടെ പ്രായം ആറുമാസം കൂടുമ്പോൾ പുനഃപരിശോധിക്കണമെന്ന (Age re-verification) കർശന നിർദ്ദേശം സർക്കാർ മുന്നോട്ടുവെക്കുന്നുണ്ട്. ഇത് ലംഘിക്കുന്ന പ്ലാറ്റ്‌ഫോമുകൾക്ക് വലിയ തുക പിഴ ചുമത്തും.

15 വയസ്സ് എന്നത് യൂറോപ്പിലെ ഡിജിറ്റൽ പ്രായപരിധിയായി (Digital age of majority) നിശ്ചയിക്കാൻ മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ ഗ്രീസ് സമ്മർദ്ദം ചെലുത്തും.​സ്കൂളുകളിൽ നേരത്തെ തന്നെ മൊബൈൽ ഫോൺ ഉപയോഗം ഗ്രീസ് നിരോധിച്ചിരുന്നു. ഓസ്‌ട്രേലിയയാണ് ലോകത്ത് ആദ്യമായി 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം പ്രഖ്യാപിച്ചത്. ഓസ്ട്രിയ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളും സമാനമായ നിയമങ്ങൾ കൊണ്ടുവരാനുള്ള ആലോചനയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *