തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടിങ്ങിന് ഹരിതബൂത്തുകള്‍ സജ്ജമായി

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ ഹരിത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഹരിത ബൂത്തുകള്‍ സജ്ജമായി.

സംസ്ഥാനത്തെ എല്ലാ പോളിങ് ബൂത്തുകളും ഹരിതചട്ടം പാലിക്കുന്നതിനു പുറമേ വിവിധ ജില്ലകളിലായി നിരവധി ബൂത്തുകള്‍ ‘മാതൃക ഹരിത ബൂത്തുകള്‍’ എന്ന നിലയിലും സജ്ജമാക്കിയിട്ടുണ്ട്. ആദ്യഘട്ടമായി 595 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 11168 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് ആകെ 15,432 ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇവയെല്ലാം ഹരിത ചട്ടം പാലിക്കുന്നവയാണ്.

എല്ലാ ബൂത്തുകളിലും ജൈവ, അജൈവ മാലിന്യങ്ങള്‍ ഇടുന്നതിന് ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കുടിവെള്ളത്തിനായി ഗ്ലാസ്സ് ടംബ്ലര്‍, സ്റ്റീല്‍ ഗ്ലാസ്സ് എന്നിവയും ഉറപ്പുവരുത്തിയിട്ടുണ്ട്. കൂടാതെ, 814 പോളിംഗ് ബൂത്തുകള്‍ മാതൃക ഹരിത ബൂത്തുകളായി പ്രകൃതി സൗഹൃദമായി സജ്ജമാക്കിയിട്ടുണ്ട്. 574 മാതൃകാ ബൂത്തുകളുമായി എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മാതൃകാ ഹരിതബുത്തുകള്‍ സജ്ജമാക്കിയിട്ടുള്ളത്. ഓല, മുള, ഈറ്റ, പനമ്ബ്, തഴപ്പായ, വാഴയില, മാവില, കുരുത്തോല, പേപ്പര്‍, പാള തുടങ്ങിയ പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചാണ് മാതൃക ഹരിത ബൂത്തുകള്‍ അലങ്കരിച്ചിട്ടുള്ളത്. ഈ ബൂത്തുകളില്‍ ഹരിത സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ജൈവ-അജൈവ മാലിന്യങ്ങള്‍ വെവ്വേറെ നിക്ഷേപിക്കുന്നതിനായി പ്രകൃതിസൗഹാര്‍ദ്ദപരമായ ഓലകൊണ്ടും പനയോലകൊണ്ടും ഉണ്ടാക്കിയ ‘ബിന്നുകള്‍’ (വല്ലങ്ങള്‍) ചില ജില്ലകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

മിക്ക ജില്ലകളിലും കളക്ഷന്‍/ ഡിസ്ട്രിബ്യൂഷന്‍ സെന്ററുകളില്‍ ഹരിതകര്‍മ്മ സേനയെയും നിയോഗിച്ചിട്ടുണ്ട്.

തിരുവനന്തപുരം ഉള്‍പ്പെടെ ചില ജില്ലകളില്‍ ഭക്ഷണ വിതരണത്തിനായി കുടുംബശ്രീയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്, ഹരിതചട്ടം ഉറപ്പാക്കിക്കൊണ്ട് സ്റ്റീല്‍/സിറാമിക് പ്ലേറ്റുകളാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്

Leave a Reply

Your email address will not be published. Required fields are marked *