ഗ്രൂപ്പ് അസൈൻമെന്റുകൾ നിർത്തലാക്കണം; സർവ്വകലാശാലകളോട് ഷാഡോ വിദ്യാഭ്യാസ മന്ത്രി

കാൻബെറ: സർവ്വകലാശാലകളിലെ ഗ്രൂപ്പ് അസൈൻമെന്റുകൾ വിദ്യാർത്ഥികൾക്ക് ഗുണകരമല്ലെന്നും അവ നിർത്തലാക്കണമെന്നും ഷാഡോ വിദ്യാഭ്യാസ മന്ത്രി ജൂലിയൻ ലീസർ. ഓസ്‌ട്രേലിയയിലെ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ദുരനുഭവങ്ങൾ സമ്മാനിക്കുന്ന ഇത്തരം പ്രോജക്റ്റുകൾ നിരോധിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇന്ന് നടന്ന ‘യൂണിവേഴ്‌സിറ്റീസ് ഓസ്‌ട്രേലിയ സൊല്യൂഷൻസ് സമ്മിറ്റിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിപ്രധാനമായ സാഹചര്യങ്ങളിൽ ഒഴികെ ഗ്രൂപ്പ് അസൈൻമെന്റുകൾ ഒഴിവാക്കാൻ സർവ്വകലാശാലകൾ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രൂപ്പ് അസൈൻമെന്റുകൾ വിദ്യാർത്ഥികൾക്ക് പ്രയോജനകരമാണെന്ന് 2023-ൽ ഓസ്‌ട്രേലിയൻ കാത്തലിക് യൂണിവേഴ്‌സിറ്റി നടത്തിയ പഠനം സൂചിപ്പിക്കുന്നുണ്ടെങ്കിലും ലീസർ ഇതിനോട് വിയോജിച്ചു. ഇത്തരം രീതികൾ വഴി വ്യക്തിഗതമായ പഠനം നടക്കുന്നില്ലെന്നും ബിരുദങ്ങളുടെ മൂല്യം കുറയുകയാണെന്നും അദ്ദേഹം വാദിച്ചു.

“ഗ്രൂപ്പിൽ എപ്പോഴും ഒരാൾ കഠിനാധ്വാനം ചെയ്യുകയും മറ്റൊരാൾ അതിന്റെ ഫലം അനുഭവിക്കുകയും ചെയ്യുന്ന രീതിയാണ് കണ്ടുവരുന്നത്. ഇത് വ്യക്തികളുടെ പ്രകടനത്തെ വിലയിരുത്തുന്നതിൽ വീഴ്ച വരുത്തുന്നു,” ലീസർ പറഞ്ഞു. ഗ്രൂപ്പ് അസൈൻമെന്റുകൾ നിലനിർത്തുന്നതിന് കൃത്യമായ ന്യായീകരണങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാർത്ഥികളുടെ വ്യക്തിഗത പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം മൂല്യനിർണ്ണയം നടത്തുന്ന രീതിയിലേക്ക് സർവ്വകലാശാലകൾ മാറണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മൂല്യനിർണ്ണയ സംവിധാനങ്ങൾ കൂടുതൽ നീതിയുക്തമാക്കാൻ വ്യക്തിഗത അസൈൻമെന്റുകൾ സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

Leave a Reply

Your email address will not be published. Required fields are marked *