തിരുവനന്തപുരം: സംസ്ഥാനം കഴിഞ്ഞ സാന്പത്തികവർഷം 6.19 ശതമാനം വളർച്ച കൈവരിച്ചു. 2023-24 ലെ 6.73 ശതമാനം വളർച്ചാ നിരക്കുമായി താരതമ്യപ്പെടുത്തുന്പോൾ വളർച്ചയിൽ നേരിയ ഇടിവുണ്ടായി.
ദേശീയ വളർച്ചാ നിരക്കായ 6.5 ശതമാനത്തേക്കാൾ താഴെയാണ് കേരളത്തിന്റെ മൊത്തം ആഭ്യന്തര വരുമാനത്തിലെ വളർച്ചയെന്ന് നിയമസഭയിൽ വച്ച 2025 ലെ സാന്പത്തികാവലോകന റിപ്പോർട്ട് വെളിപ്പെടുത്തുന്നു. കേരളത്തിന്റെ ആളോഹരി വരുമാനം മുൻ വർഷത്തേക്കാൾ 5.67 ശതമാനം വളർന്ന് 1,90,149 രൂപയായി. ജില്ലകളിൽ ഏറ്റവും ഉയർന്ന ആളോഹരി വരുമാനം എറണാകുളത്താണ് – 2,61,319 രൂപ. ഏറ്റവും കുറവ് മലപ്പുറത്താണ്. 1,18,760 രൂപ. മലപ്പുറത്തിനു തൊട്ടു മുന്പിലായി 1,28,359 രൂപയുമായി വയനാട് ജില്ലകളിൽ പതിമൂന്നാം സ്ഥാനത്താണ്.
റവന്യു വരുമാനം തലേവർഷത്തെ 1,24,486 കോടിയിൽനിന്ന് 1,24,861.07 കോടിയായി വർധിച്ചു. 0.3 ശതമാനം വളർച്ച മാത്രമാണു കൈവരിക്കാനായത്. കേന്ദ്രത്തിൽ നിന്നുള്ള വിഹിതത്തിൽ 6.15 ശതമാനത്തിന്റെ ഇടിവുണ്ടായി. കേന്ദ്രത്തിൽ നിന്നുള്ള ഗ്രാന്റ് ഇൻ എയ്ഡ് മുൻവർഷത്തെ 12,068.26 കോടിയിൽനിന്നു 6,959.87 കോടിയായി കുറഞ്ഞു. മൊത്തം കേന്ദ്രവിഹിതം 33,811.18 കോടിയിൽ നിന്ന് 31,732.25 കോടിയായി കുറഞ്ഞു. സംസ്ഥാനത്തിന്റെ സ്വന്തം വരുമാനത്തിൽ 2.7 ശതമാനത്തിന്റെ വർധന മാത്രമാണ് ഉണ്ടായത്.

