ഗാന്ധിനഗര്‍: ഗോവധ നിരോധനം നിലനില്‍ക്കുന്ന ഗുജറാത്തില്‍ പശുവിനെ കൊന്ന കുറ്റത്തിന് മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവും ആറു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച് അംറേലി കോടതി. കാസിം സോളങ്കി, സത്താര്‍ സോളങ്കി, അക്രം സോളങ്കി എന്നിവര്‍ക്കാണ് പശുവിന്റെ പേരില്‍ കടുത്ത ശിക്ഷ ലഭിച്ചിരിക്കുന്നത്. അംറേലി സെഷന്‍സ് കോടതിയിലെ ജഡ്ജി റിസ്വാന ബുഖാരിയാണ് ശിക്ഷ വിധിച്ചത്. പശുവിനെ കൊന്ന കുറ്റത്തിന് ഇത്ര കടുത്ത ശിക്ഷ ലഭിക്കുന്നത് രാജ്യത്ത് ആദ്യമായാണെന്നു പറയപ്പെടുന്നു.
2023 നവംബറില്‍ മോട്ട ഖത്കിവാഡ് പ്രദേശത്ത് ബഹാര്‍പാരയില്‍ പശുവിനെ കൊന്ന് അതിന്റെ അവശിഷ്ടങ്ങള്‍ അഴുക്കുചാലില്‍ തള്ളിയെന്നും അതിലൂടെ ഹിന്ദുക്കളുടെ മതവികാരങ്ങള്‍ വ്രണപ്പെടുത്തിയെന്നുമാണ് ഇവര്‍ക്കെതിരായ കേസ്. ഇതു സംബന്ധിച്ച് പോലീസ് കോണ്‍സ്റ്റബിള്‍ വനരാജ് മഞ്ജരിയാണ് ഇവര്‍ക്കെതിരേ പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ കൊന്ന പശുവിന്റെ മാംസം, അവശിഷ്ടങ്ങള്‍, കത്തികള്‍, ത്രാസുകള്‍, വാഹനം എന്നിവ പിടിച്ചെടുത്തിരുന്നു. സ്വതന്ത്ര സാക്ഷികളാരുമില്ലാതിരുന്ന കേസാണിത്.
സ്വതന്ത്ര സാക്ഷികളില്ലാത്തതിനാല്‍ മാത്രം പോലീസിന്റെ നടപടി വിശ്വാസയോഗ്യമല്ലെന്നോ പക്ഷപാതപരമാണെന്നോ പറയാന്‍ കഴിയില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. തെളിവുകള്‍ എല്ലാം പ്രതികള്‍ കുറ്റം ചെയ്തുവെന്നു തെളിയിക്കുന്നതാണെന്നു കോടതി നിരീക്ഷിച്ചു.

