കാൻബറ: രാജ്യം കണ്ട ഏറ്റവും വലിയ തോക്ക് നിരോധന-തിരിച്ചുവാങ്ങൽ പദ്ധതി (Gun Buyback Scheme) നടപ്പിലാക്കാനുള്ള ഫെഡറൽ സർക്കാരിന്റെ നീക്കം പ്രതിസന്ധിയിൽ. ഡിസംബർ 14-ന് ബോണ്ടായ് ബീച്ചിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ഈ പദ്ധതിയിൽ, നിശ്ചിത സമയപരിധിക്കുള്ളിൽ എല്ലാ സംസ്ഥാനങ്ങളെയും ഒന്നിപ്പിക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചില്ല.
ലക്ഷക്കണക്കിന് അനധികൃതവും നിരോധിക്കപ്പെട്ടതുമായ തോക്കുകൾ പിടിച്ചെടുത്ത് നശിപ്പിക്കാനാണ് പ്രധാനമന്ത്രി ആന്തണി ആൽബനീസി ലക്ഷ്യമിട്ടത്. എന്നാൽ, മാർച്ച് മാസത്തെ സമയപരിധി അവസാനിക്കുമ്പോഴും ന്യൂ സൗത്ത് വെയ്‌ൽസും (NSW) എ.സി.ടി-യും (ACT) മാത്രമാണ് പദ്ധതിയിൽ ഒപ്പുവെച്ചിട്ടുള്ളത്. രാജ്യത്തെ തോക്ക് നിയന്ത്രണ നിയമങ്ങൾ ഏറ്റവും ദുർബലമായ സംസ്ഥാനത്തിന് തുല്യമായിരിക്കുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.
ക്വീൻസ്‌ലാന്റ്, നോർത്തേൺ ടെറിട്ടറി എന്നീ സംസ്ഥാനങ്ങൾ പദ്ധതിയെ ശക്തമായി എതിർത്തു. തോക്കുകൾ തിരിച്ചുവാങ്ങുന്നതിനുള്ള ചെലവ് പകുതി വീതം പങ്കിടണമെന്ന കേന്ദ്ര നിർദ്ദേശമാണ് നോർത്തേൺ ടെറിട്ടറി മുഖ്യമന്ത്രി ലിയ ഫിനോച്ചിയാരോയെ ചൊടിപ്പിച്ചത്. അതേസമയം, ഒരാൾക്ക് കൈവശം വെക്കാവുന്ന തോക്കുകളുടെ എണ്ണത്തിൽ നിയന്ത്രണം കൊണ്ടുവരുന്നതിനെ ക്വീൻസ്‌ലാന്റ് പ്രീമിയർ ഡേവിഡ് ക്രിസാഫുള്ളിയും എതിർത്തു. ഈ നിലപാട് ക്വീൻസ്‌ലാന്റുകാരുടെയോ രാജ്യത്തിന്റെയോ താല്പര്യത്തിനനുസരിച്ചുള്ളതല്ലെന്ന് പ്രധാനമന്ത്രി തിരിച്ചടിച്ചു.
വിക്ടോറിയ പ്രീമിയർ ജസീന്ത അല്ലൻ സംസ്ഥാനത്തെ നിലവിലെ നിയമങ്ങൾ പുനപരിശോധിച്ചു വരികയാണെന്നും ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അറിയിച്ചു. സൗത്ത് ഓസ്‌ട്രേലിയൻ പ്രീമിയർ പീറ്റർ മാലിനാസ്കാസും പദ്ധതിയിൽ ചേരാൻ വിമുഖത കാട്ടുകയാണ്. അതേസമയം, വെസ്റ്റേൺ ഓസ്‌ട്രേലിയയും ടാസ്മാനിയയും സ്വന്തം നിലയിൽ തോക്കുകൾ തിരിച്ചുവാങ്ങുന്നതിനുള്ള സന്നദ്ധ പദ്ധതികൾ ആരംഭിച്ച് കഴിഞ്ഞു.
ഡിസംബർ 15-ന് നടന്ന ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് നിയമങ്ങൾ കർശനമാക്കാൻ ലേബർ പാർട്ടി തീരുമാനിച്ചത്. ജൂലൈ മാസത്തോടെ പുതിയ നിയമനിർമ്മാണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പിടിച്ചെടുക്കുന്ന തോക്കുകൾ നശിപ്പിക്കാനുള്ള ചുമതല ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസിനായിരിക്കും (AFP). എന്നാൽ പ്രമുഖ സംസ്ഥാനങ്ങളുടെ സഹകരണമില്ലാത്തത് പദ്ധതിയുടെ വിജയത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്

